വോട്ടു ചെയ്തില്ലെങ്കില്‍ അനുഭവിക്കേണ്ടിവരുമെന്ന് ബിജെപി എംഎല്‍എ

അഹമ്മദാബാദ്: വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയതിന് ഗുജറാത്തിലെ ബിജെപി എംഎല്‍എയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്. വഡോധര ലോക്‌സഭാ മണ്ഡലത്തിലെ വഗോഡിയയില്‍നിന്നുള്ള എംഎല്‍എ മധു ശ്രീവാസ്തവയ്ക്കാണ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ബിജെപിക്കു വോട്ടു ചെയ്തില്ലെങ്കില്‍ പരിണിത ഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നായിരുന്നു തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കവെ ശ്രീവാസ്തവയുടെ ഭീഷണി. ബിജെപി സ്ഥാനാര്‍ഥി രഞ്ജന്‍ ഭട്ടിനുവേണ്ടി വോട്ടു ചോദിക്കവെയാണ് ശ്രീവാസ്തവ വിവാദ പരാമര്‍ശനം നടത്തിയത്. മേഖലയിലെ അനധികൃത താമസക്കാരുടെ കാര്യം 'ശരി'യാക്കുമെന്നും വോട്ടു ചെയ്യുമ്പോള്‍ താമരയ്ക്കു തന്നെ കുത്തണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ശ്രീവാസ്തവയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. ഇതോടെയാണ് ജില്ലാ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍