ശ്രീധന്യയെ അനുമോദിക്കാന്‍ യാത്ര മാറ്റിവച്ച് ഗവര്‍ണര്‍

കല്‍പ്പറ്റ: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410ാം റാങ്ക് നേടി വയനാടിന്റെ അഭിമാനമായ പട്ടികവര്‍ഗ യുവതി ശ്രീധന്യ സുരേഷിനെ നേരില്‍ അനുമോദിക്കുന്നതിനു വേണ്ടി യാത്ര മാറ്റിവച്ച് ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം. വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനു ശനിയാഴ്ച ജില്ലയിലുണ്ടായിരുന്ന ഗവര്‍ണര്‍ രാത്രി മടങ്ങാനിരിക്കുകയായിരുന്നു. തിരുവനന്തപുരത്തായിരുന്ന ശ്രീധന്യ ഞായറാഴ്ച രാവിലെ നാട്ടിലെത്തുന്നുണ്ടെന്ന് അറിഞ്ഞ ഗവര്‍ണര്‍ യാത്ര മാറ്റിവയ്ക്കുകയായിരുന്നു. ഗവര്‍ണര്‍ക്കു ശ്രീധന്യയെ അനുമോദിക്കുന്നതിനു ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാറിന്റെ നേതൃത്വത്തില്‍ റസ്റ്റ്ഹൗസ് ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. മാതാപിതാക്കളായ പൊഴുതന അമ്പളക്കൊല്ലി സുരേഷിനും കമലയ്ക്കും അനുജന്‍ ശ്രീരാഗിനും ഒപ്പമാണ് ശ്രീധന്യ ഗവര്‍ണറെ കാണാന്‍ എത്തിയത്. മലയാളം മീഡിയത്തിലാണ് പഠിച്ചതെന്നും അച്ഛനും അമ്മയും കൂലിപ്പണിക്കാരാണെന്നും ശ്രീധന്യ പറഞ്ഞപ്പോള്‍ ഗവര്‍ണര്‍ ആശ്ചര്യപ്പെട്ടു. ഇല്ലായ്മകള്‍ക്കിടയിലെ നേട്ടത്തിന് തിളക്കം കൂടുതലാണെന്ന് പറഞ്ഞ് അദ്ദേഹം ശ്രീധന്യയെ അഭിനന്ദിച്ചു. ഹിന്ദി അറിയുമോ എന്ന് ഗവര്‍ണര്‍ ചോദിച്ചപ്പോള്‍ കുറേശെ അറിയാമെന്നു ഹിന്ദിയില്‍ ശ്രീധന്യ മറുപടി നല്‍കി. കുടുംബത്തിന്റെ കൈവശഭൂമിക്കു പട്ടയം ഇല്ലെന്ന് അറിയിച്ചപ്പോള്‍ പട്ടയവും പുതിയ വീടും അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നു ജില്ലാ കളക്ടര്‍ക്കു ഗവര്‍ണര്‍ നിര്‍ദേശം നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍