ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരഇന്ത്യ മുന്നറിയിപ്പു തന്നു ,തങ്ങള്‍ക്ക് പിഴവു പറ്റി: ലങ്കന്‍ പ്രധാനമന്ത്രി

കൊളംബോ: ചാവേര്‍ ആക്രമണം സംബന്ധിച്ച് ഇന്ത്യ ചില രഹസ്യവിവരങ്ങള്‍ നല്‍കിയിരുന്നെന്നും എന്നാല്‍ നടപടിയെടുക്കുന്നതില്‍ വീഴ്ചകളുണ്ടായതായി ശ്രീലങ്കന്‍ പ്രധാനമന്ത്രി റണില്‍ വിക്രമസിംഗെ. എന്‍ഡിടിവിയുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യ രഹസ്യവിവരങ്ങള്‍ കൈമാറിയിരുന്നു. എന്നാല്‍ നടപടിയെടുക്കുന്നതില്‍ ചില വീഴ്ചകള്‍ ഉണ്ടായി അദ്ദേഹം പറഞ്ഞു. കേസന്വേഷണവുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ അന്വേഷണ സംഘം ചൈനയും പാക്കിസ്ഥാനും ഉള്‍പ്പെടെ നിരവധി രാജ്യങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ആക്രമണത്തിലെ വൈദേശിക ഇടപെടല്‍ സംബന്ധിച്ച അന്വേഷണത്തിന് വിദേശ ഏജന്‍സികളുടെ സഹായം അഭ്യര്‍ഥിച്ചതായും ലങ്കന്‍ പ്രധാനമന്ത്രി പറഞ്ഞു. ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ മൂന്നു ക്രിസ്ത്യന്‍ പള്ളികള്‍, ആഡംബര ഹോട്ടലുകള്‍, പാര്‍പ്പിട സമുച്ചയം എന്നിങ്ങനെ എട്ടിടത്താണ് സ്‌ഫോടനം നടന്നത്. ഒരു മലയാളി സ്ത്രീ ഉള്‍പ്പടെ 10 ഇന്ത്യക്കാരും കൊല്ലപ്പെട്ടു. പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമായി തുടരുകയാണ്. കൊളംബോ സെന്റ് ആന്റണീസ് കത്തോലിക്ക പള്ളി, നെഗോംബോ സെന്റ് സെബാസ്റ്റ്യന്‍സ് കത്തോലിക്ക പള്ളി, ബട്ടിക്കലോവ സിയോന്‍ പ്രോട്ടസ്റ്റന്റ് പള്ളി എ ന്നിവിടങ്ങളില്‍ രാവിലെ 8.45ന് ഈസ്റ്റര്‍ തിരുക്കര്‍മങ്ങള്‍ക്കിടെയായിരുന്നു സ്‌ഫോടനം. തൊട്ടുപിന്നാലെ കൊളംബോയിലെ ഷാംഗ്രിലാ, സിനമണ്‍ ഗ്രാന്‍ഡ്, കിംഗ്‌സ്ബറി ഹോട്ടലുകളില്‍ ചാവേറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍