വയനാട്ടില്‍ മുഖ്യവിഷയം രാഹുല്‍ ഗാന്ധി

കല്‍പ്പറ്റ: രൂപവല്‍കരണത്തിനു ശേഷമുള്ള മൂന്നാമത് ലോക്‌സഭാ തെരഞ്ഞെടുപ്പിനു ഒരുങ്ങുന്ന വയനാട് മണ്ഡലത്തില്‍ മുഖ്യ തെരഞ്ഞെടുപ്പു വിഷയം എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം. 
രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനാല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഗ്രൂപ്പുകളുടെ പേരില്‍ അടിവലികള്‍ ഉണ്ടാകില്ല. അതിനാല്‍ കുറഞ്ഞതു മൂന്നു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം രാഹുലിനു ലഭിക്കുമെന്നാണ് ജില്ലയിലെ യുഡിഎഫ് നേതാക്കളുടെ വിലയിരുത്തല്‍. മണ്ഡലം രൂപീകരണത്തിനു ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എം.ഐ. ഷാനവാസിന് ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചിരുന്നത്. രാഹുല്‍ഗാന്ധി നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളില്‍നിന്നു ലഭിക്കുന്ന വിവരം. രാഹുല്‍ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതുകൊണ്ടു ചുരത്തിനു മുകളിലും താഴെയുമായി കിടക്കുന്ന വയനാട് മണ്ഡലത്തിന് എന്തു ഗുണം എന്ന ചോദ്യം ഉയര്‍ത്താ നാണ് ഇടതുമുന്നണിയുടെയും ദേശീയ ജനാധിപത്യ സഖ്യത്തിന്റെയും പദ്ധതി. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം പി.പി. സുനീറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എന്‍ഡിഎ സ്ഥാനാര്‍ഥി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ട്വിറ്ററില്‍ പ്രഖ്യാപിച്ചു. തു ഷാര്‍ ഇന്നു പത്രിക നല്കും. തുഷാര്‍ വെള്ളാപ്പള്ളി വന്നാലും വയനാട്ടിലേത് ത്രികോണ മത്സരമായിരിക്കില്ലെന്ന ചിന്തയാണ് ഇടതുവലതു മുന്നണികള്‍ക്കുള്ളത്. ബിജെപിക്കും ബിഡിജെഎസിനും വേരോട്ടമുള്ള മണ്ഡലമല്ല വയനാട്. ഒരു ലക്ഷത്തിലധികം വോട്ട് തുഷാറിനു ലഭിക്കില്ലെന്നാണ് എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കളുടെ കണക്കുകൂട്ടല്‍. 13.5 ലക്ഷം വോട്ടര്‍മാരാണ് മണ്ഡലത്തില്‍. രാഹുല്‍ഗാന്ധിയെ എതിരിട്ട എന്‍ഡിഎ സ്ഥാനാര്‍ഥി എന്ന പേരിനപ്പുറം ഒരു ഗുണവും തുഷാറിനു ലഭിക്കാനില്ലെന്നും അവര്‍ പറയുന്നു. എന്നാല്‍, മുന്നണികളിലെ പാര്‍ട്ടി അംഗങ്ങള്‍ അല്ലാത്തവരുടെ വോട്ടുകള്‍ കൈപ്പത്തി അടയാളത്തിലേക്കു കുത്തിയൊലിക്കുന്നതു തടയാനുള്ള തന്ത്രങ്ങളാണ് സിപിഎംസിപിഐ കേന്ദ്രങ്ങള്‍ മെനയുന്നത്. രാഹുല്‍ ഗാന്ധിയുടെ പത്രികാസമര്‍പ്പണത്തിന്റെ ഒരുക്കങ്ങള്‍ക്കായി കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവര്‍ ഇന്നു കല്‍പ്പറ്റയിലെത്തും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ് ണന്‍ ഇന്നു കല്‍പ്പറ്റയില്‍ പാര്‍ട്ടി പരിപാടിക്കെത്തുന്നുണ്ട്. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഡി. രാജ നാളെ വയനാട്ടില്‍ ഉണ്ടാകും രാഹുല്‍ ഗാന്ധി മത്സരിക്കുന്ന രണ്ടാം മണ്ഡലമാണ് വയനാട്. ഉത്തര്‍പ്രദേശിലെ അമേഠിയാണ് അദ്ദേഹം ജനവിധി തേടുന്ന മറ്റൊരു മണ്ഡലം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍