ഡേവിഡ് മാല്‍പാസ് ലോകബാങ്ക് പ്രസിഡന്റ്

വാഷിംഗ്ടണ്‍: ലോകബാങ്ക് പ്രസിഡന്റായി അമേരിക്കയുടെ രാജ്യാന്തര കാര്യങ്ങള്‍ക്കുള്ള ട്രഷറി അണ്ടര്‍ സെക്രട്ടറി ഡേവിഡ് മാല്‍പാസിനെ തെരഞ്ഞെടുത്തു. ലോകബാങ്കിന്റെ ബോര്‍ഡ് ഡയറക്ടേഴ്‌സില്‍ ഏകകണ്ഠമായാണ് മാല്‍പാസിനെ തെരഞ്ഞെടുത്തത്. തുറന്നതും സുതാര്യവുമായ നടപടി ക്രമങ്ങളിലൂടെയാണ് മാല്‍പാസിനെ തെരഞ്ഞെടുത്തതെന്ന് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് പത്രക്കുറിപ്പില്‍ അറിയിച്ചു. ലോക ബാങ്ക് തലവനെ തീരുമാനിക്കുന്നത് ബാങ്ക് ബോര്‍ഡാണെങ്കിലും കാലങ്ങളായി അമേരിക്കന്‍ പ്രസിഡന്റ് നാമനിര്‍ദേശം ചെയ്യുന്നയാളാണ് ആ സ്ഥാനത്തെത്തുക. നിലവിലെ ലോക ബാങ്ക് തലവന്‍ ജിം യോംഗ് കിം രാജി പ്രഖ്യാപിച്ചതിനെത്തുടര്‍ന്നായിരുന്നു തലപ്പത്ത് ഒഴിവുവന്നത്. കാലാവധി അവസാനിക്കാന്‍ മൂന്നു വര്‍ഷം ബാക്കിയിരിക്കെയാണ് കിം രാജി പ്രഖ്യാപിച്ചത്. ഡോണള്‍ഡ് ട്രംപുമായി യോജിച്ച് പോകാത്ത നിലപാടുകളാണ് ജിം യോങ് കിം സ്വീകരിച്ചുപോന്നത്. ചൈനക്ക് വായ്പ കൊടുക്കുന്നതുമായി ബന്ധപ്പെട്ട് 2017 ഏപ്രിലില്‍ ട്രംപ് കിമ്മിന് മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. കൂടാതെ കല്‍ക്കരി വൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട് അസ്വാരസ്യങ്ങളും ഉടലെടുത്തിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍