ഓണ്‍ലൈന്‍ ജോലി വാഗ്ദാനം: തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: ഓണ്‍ലൈന്‍ തൊഴില്‍തട്ടിപ്പുകള്‍ക്കെതിരെ പോലീസിന്റെ ജാഗ്രതാ നിര്‍ദേശം. ഓണ്‍ലൈന്‍ തൊഴില്‍തട്ടിപ്പുകള്‍ പലതരത്തിലും പലരൂപത്തിലും വ്യാപകമാകുന്ന പശ്ചാത്തലത്തിലാണു പോലീസിന്റെ മുന്നറിയിപ്പ്. വ്യക്തമായ ധാരണയും ജാഗ്രതയുമുണ്ടെങ്കില്‍ ഇത്തരം കെണിയില്‍പ്പെടാതെ രക്ഷപ്പെടാമെന്നു പോലീസ് ചൂണ്ടിക്കാട്ടുന്നു. പ്രമുഖ കമ്പനികളില്‍ വലിയതുക ശമ്പളം വാഗ്ദാനം ചെയ്ത് ഇന്റര്‍വ്യൂവിനു ക്ഷണിക്കുകയും യാത്രച്ചെലവ് കമ്പനി വഹിക്കുമെന്നും എങ്കിലും ഉറപ്പിനു വേണ്ടി കോഷന്‍ ഡെപ്പോസിറ്റ് ആയി നിശ്ചിത തുക താഴെപ്പറയുന്ന ബാങ്ക് അക്കൗണ്ടില്‍ അടയ്ക്കണമെന്നും ഇത് ഇന്റര്‍വ്യൂവിനു ശേഷം തിരികെ തരുന്നതായിരിക്കും എന്നൊക്കെ പറഞ്ഞു പലര്‍ക്കും ഇമെയിലില്‍ ഓഫര്‍ ലെറ്ററുകള്‍ വരാറുണ്ട്. ഇത്തരത്തില്‍ വരുന്ന ഇമെയിലുകള്‍ വിശദമായി പരിശോധിച്ചാല്‍ തന്നെ തട്ടിപ്പു വ്യക്തമാകും. പലതിലും നിലവാരമില്ലാത്ത ഇംഗ്ലീഷും മോശം ലേഔട്ടുമായിരിക്കും. ഒരു കമ്പനിയും വെറുതെ വിവരങ്ങള്‍ ശേഖരിച്ച് ഓഫര്‍ ലെറ്റര്‍ അയയ്ക്കില്ല. കൃത്യമായ അപേക്ഷയുടെയും എച്ച്ആര്‍ പ്രോസസിംഗിന്റെയും അടിസ്ഥാനത്തിലെ നടപടികളുണ്ടാകൂ. വ്യാജന്‍മാരെ പേടിച്ചു ക്യൂആര്‍ കോഡ് പോലെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ ഓഫര്‍ ലെറ്ററില്‍ ഉള്‍പ്പെടുത്തിയ കമ്പനികളുമുണ്ട്. പ്രമുഖ കമ്പനികള്‍ സാധാരണ ഉദ്യോഗാര്‍ഥികളില്‍നിന്നു കോഷന്‍ ഡെപ്പോസിറ്റ് ആവശ്യപ്പെടാറില്ല. ഓഫര്‍ ലെറ്ററില്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ കമ്പനി അധികൃതരുമായി സംസാരിക്കുക.സൈന്യത്തിലും റെയില്‍വേ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്തു പണം തട്ടുന്ന വ്യാജ ഇടനിലക്കാര്‍ പണ്ടേ രംഗത്തുണ്ട്. സൈന്യത്തിനും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമെല്ലാം കൃത്യവും വ്യക്തവുമായ റിക്രൂട്ടിംഗ് രീതികളുണ്ട്. ഇടനിലക്കാര്‍ വഴി ജോലി കിട്ടാന്‍ സാധ്യതയില്ലെന്ന കാര്യം ഓര്‍ക്കുക. വീട്ടിലിരുന്നും ജോലി ചെയ്തു പണം നേടാമെന്ന പരസ്യത്തിലൂടെ തട്ടിപ്പു നടത്തുന്നവരുമുണ്ട് . ജോലി ചെയ്യിപ്പിച്ചു ശമ്പളം നല്‍കാതിരിക്കുന്നതും ശമ്പളം നല്‍കാനെന്ന വ്യാജേന ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തുന്നതുമെല്ലാം ഇവരുടെ രീതിയാണ്. ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കിടയില്‍ പേരും അംഗീകാരവുമുള്ള സൈറ്റുകളെ മാത്രം ഓണ്‍ലൈന്‍ ജോലികള്‍ക്ക് ആശ്രയിക്കാന്‍ ശ്രദ്ധിക്കണം. എന്താണു ജോലി എന്ന കൃത്യമായ ബോധ്യവും വേണം.പ്രശസ്ത പൊതുമേഖലാ സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളുടെ വ്യാജപ്പതിപ്പ് തയാറാക്കിയുള്ള തട്ടിപ്പും പ്രചാരത്തിലുണ്ട്. ഇവയില്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍ പോസ്റ്റ് ചെയ്യും. വാട്‌സാപ്പും മറ്റു സമൂഹമാധ്യമങ്ങളും വഴി പ്രചാരണം കൂടിയാകുമ്പോള്‍ ധാരാളം ഉദ്യോഗാര്‍ഥികള്‍ വലയില്‍ വീഴും. വ്യക്തിവിവരങ്ങള്‍, സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകള്‍, സാമ്പത്തിക വിവരങ്ങള്‍ തുടങ്ങിയവ തെറ്റായ വ്യക്തികളുടെ കൈയിലെത്തുമെന്നതാണ് അപകടം. ഈ സൈറ്റുകള്‍ ഉപയോഗിച്ചുതന്നെ വ്യാജ റിക്രൂട്ട്‌മെന്റ്പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു പണം തട്ടുന്ന വിരുതന്മാരും ഏറെ.ഓണ്‍ലൈന്‍ തൊഴില്‍ത്തട്ടിപ്പ് പരസ്യം കണ്ടാല്‍ ആദ്യം വെബ്‌സൈറ്റ് പരിശോധിക്കണം. സംശയം ഉണ്ടാകുന്ന പക്ഷം വെബ്‌സൈറ്റിലെ മറ്റു വിവരങ്ങളുടെ ആധികാരികത നോക്കുക. പലപ്പോഴും ഗൂഗിള്‍ സേര്‍ച്ചിലൂടെതന്നെ വ്യാജന്മാരെ തിരിച്ചറിയാനാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍