ലീഗിനെക്കുറിച്ചുള്ള പ്രസ്താവന യോഗിയെ തിരിഞ്ഞുകുത്തും: കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുസ്‌ലിം ലീഗിനെക്കുറിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തുന്ന പ്രസ്താവനകള്‍ അദ്ദേഹത്തെത്തന്നെ തിരിഞ്ഞു കുത്തുമെന്നു മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. മുസ്‌ലിം ലീഗ് വൈറസ് ആണെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനയെക്കുറിച്ചുപ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. മുസ്‌ലിം ലീഗിനെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് യോഗി അവിടെയിരുന്ന് ഓരോന്നു പറയുന്നത്. കേരളത്തില്‍ നടന്ന സാക്ഷരത, ഐടി സാക്ഷരത വിപ്ലവങ്ങളില്‍ വലിയ സംഭാവനകള്‍ നല്‍കിയ പാര്‍ട്ടിയാണ് മുസ്‌ലിം ലീഗെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.ലീഗിന്റെ കൊടിയെക്കുറിച്ച് അസത്യപ്രസ്താവനകള്‍ നടത്തുന്നതിനു മുമ്പ് അവര്‍ കാര്യങ്ങള്‍ പഠിക്കണം. പച്ചക്കൊടിയുള്ള പല പാര്‍ട്ടികളും ബിജെപിക്കൊപ്പവുമുണ്ട്. തമിഴ്‌നാട്ടില്‍ മുസ്‌ലിം ലീഗില്‍നിന്നു വിട്ടുപോയ പാര്‍ട്ടി ഇന്നു ബിജെപിക്കൊപ്പമാണ്. അവരും പച്ചക്കൊടിയാണ് ഉപയോഗിക്കുന്നത്. കശ്മീരില്‍ പിഡിപി ഉപയോഗിക്കുന്നത് പച്ചക്കൊടിയാണ്. ബിഹാറിലും ബിജെപിക്കൊപ്പം പച്ചക്കൊടിയുള്ള പാര്‍ട്ടികളുണ്ട്. കേരളത്തില്‍ ഇടതുപക്ഷത്തോടൊപ്പം പച്ചക്കൊടിയുള്ള ഐഎന്‍എലുണ്ട്. മുസ്‌ലിം ലീഗിന്റെകാടിയില്‍ മാത്രം കുറ്റം കാണുന്നവര്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭീതിയുള്ളവരാണ്. രാഹുല്‍ ഗാന്ധിയുടെ വരവിനെ തടുക്കാന്‍ ഇതുകൊണ്ടൊന്നുമാകില്ല അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍