ആദ്യം രാജ്യം, പിന്നീട് പാര്‍ട്ടി ; നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച് അഡ്വാനി

ന്യൂഡല്‍ഹി: ദേശവിരുദ്ധന്‍ എന്ന പ്രയോഗം പാടേ തെറ്റാണെന്നും തെറ്റിപ്പോയ ഇടങ്ങളിലെല്ലാം ബിജെപി തിരുത്തണമെന്നും ചൂണ്ടിക്കാട്ടി മുതിര്‍ന്ന നേതാവ് എല്‍.കെ അഡ്വാനി. പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യം വേണമെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുമുണ്ട് അഡ്വാനി.ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ സീറ്റ് ലഭിക്കാതിരുന്നതിനും സ്വന്തം മണ്ഡലമായ ഗാന്ധിനഗറിലേക്ക് ബിജെപി അധ്യക്ഷന്‍ അമിത് ഷാ മത്സരിക്കാനെത്തിയതിനും ശേഷം ആദ്യമായി മൗനം വെടിഞ്ഞ അഡ്വാനി ഇന്നലെ പാര്‍ട്ടിയുടെ സ്ഥാപക നേതാവെന്ന നിലയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ബിജെപിയെ അക്ഷരാര്‍ഥത്തില്‍ വെട്ടിലാക്കി. തന്നെ എക്കാലവും നയിച്ചിട്ടുള്ള തത്വം ആദ്യം രാജ്യം, പിന്നെ പാര്‍ട്ടി, അവസാനം സ്വന്തം കാര്യം എന്നതാണെന്ന അഡ്വാനിയുടെ പരാമര്‍ശം മോദിക്കും സമകാലിക ബിജെപി നേതാക്കള്‍ക്കും നേര്‍ക്കുള്ള വിരല്‍ ചൂണ്ടലാണ്. ആദ്യം രാജ്യം, പിന്നെ പാര്‍ട്ടി, അവനവന്‍ അവസാനം എന്ന തലക്കെട്ടില്‍ അഡ്വാനി എഴുതിയ ബ്ലോഗ് കുറിപ്പ് സമകാലിക ബിജെപിക്കു നേരെ തിരിച്ചുപിടിച്ച കണ്ണാടിയായി. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തഃസത്ത എന്നു പറയുന്നത് തന്നെ വൈവിധ്യങ്ങളോടും അഭിപ്രായ സ്വാതന്ത്ര്യത്തോടുമുള്ള ബഹുമാനമാണ്. പാര്‍ട്ടിയുടെ ആരംഭകാലം മുതലേ ബിജെപി തങ്ങളോട് വിയോജിപ്പുള്ളവരെ രാഷ്ട്രീയ ശത്രുക്കളായല്ല മറിച്ച് പ്രതിയോഗികളായാണ് കാണുന്നത്. അതുപോലെ തന്നെ ഇന്ത്യന്‍ ദേശീയതയില്‍ തങ്ങളോടു വിയോജിപ്പുള്ളവരെ രാജ്യവിരുദ്ധരായി ഒരിക്കലും കണ്ടിട്ടില്ല. രാഷ്ട്രീയ തലത്തിലും മറ്റെല്ലാ വിധത്തിലും പൗരന് തെരഞ്ഞെടുപ്പുകള്‍ക്കുള്ള വ്യക്തിസ്വാതന്ത്ര്യം വേണമെന്ന കാര്യത്തില്‍ ബിജെപി പ്രതിജ്ഞാബദ്ധത പുലര്‍ത്തിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍