ഹോമിയോപ്പതി ഗവേഷണത്തിന് ഇന്തോ-ജര്‍മന്‍ സഹകരണം

കണ്ണൂര്‍: ഹോമിയോപ്പതി മേഖലയിലെ ഗവേഷണമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സഹകരിക്കുന്നതിന് ഇന്ത്യയിലെയും ജര്‍മനിയിലെയും ഡോക്ടര്‍മാരുടെ സംഘടനകള്‍ തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു.ഇന്ത്യ യി ലെ ഹോമിയോ ഡോക്ടര്‍മാരുടെ ഏറ്റവും വലിയ സംഘടനയായ ഇന്ത്യന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷനും(ഐഎച്ച്എംഎ) ഹോമിയോപ്പതിയുടെ ജന്മസ്ഥലമായ ജര്‍മനിയിലെ ഡോക്ടര്‍മാരുടെ സംഘടനയായ ഇന്റര്‍നാഷണാലിസ് ഹാനിമാന്‍ സെന്‍ട്രറും (ഐഎച്ച്ഇസെഡ്ടി) തമ്മിലാണ് ധാരണാപത്രം ഒപ്പുവച്ചത്. മാറിവരുന്ന സാഹചര്യത്തില്‍ രൂപംകൊള്ളുന്ന രോഗങ്ങള്‍, പ്രതിരോധം, ചികിത്സ എന്നിവ സംബന്ധിച്ച കാര്യങ്ങളില്‍ ഇരു സംഘടനകളും പങ്കാളികളായി ഗവേഷണം നടത്തും. ഐഎച്ച്എംഎയുടെ ആഭിമുഖ്യത്തില്‍ ഹോമിയോ ചികിത്സയുടെ പിതാവ് ഡോ. സാമുവല്‍ ഹാനിമാന്റെ കര്‍മമണ്ഡലമായ ജര്‍മനിയിലെ ടോര്‍ഗോയില്‍ സംഘടിപ്പിച്ച സെമിനാറിലാണ് ഇരു സംഘടനകളും ധാരണാപത്രം ഒപ്പിട്ടത്. ഇന്ത്യയിലെ ഹോമിയോ ഡോക്ടര്‍മാരുടെ സംഘടന ആദ്യമായാണ് ജര്‍മനിയില്‍ അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചത്. ഐഎച്ച്എംഎയുടെ രണ്ടാമത് അന്താരാഷ്ട്ര സെമിനാറാണ് ജര്‍മനിയില്‍ നടന്നത്. സെമിനാറില്‍ ഹോമിയോപ്പതി ഗവേഷണ ചികിത്സാരംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഐഎച്ച്എംഎ സെക്രട്ടറി ജനറല്‍ ഡോ. അരുള്‍വാണന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍നിന്ന് 70 ഡോക്ടര്‍മാരാണ് സെമിനാറില്‍ പങ്കെടുത്തത്. ഡോ. ഹാനിമാന്റെ 264ാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു സെമിനാര്‍. 1796ല്‍ ഡോ. ഹാനിമാന്‍ ആദ്യമായി പ്രസിദ്ധീകരിച്ച ഹോമിയോപ്പതിയുടെ ആധികാരിക ഗ്രന്ഥമായ ഓര്‍ഗനോണ്‍ വിവിധ ഭാഷകളില്‍ പുനഃപ്രസിദ്ധീകരണം നടത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇരുസംഘടനകളുടെയും ഭാരവാഹികള്‍ ചര്‍ച്ചചെയ്തു. ടോര്‍ഗോയിലുള്ള ഡോ. ഹാനിമാന്‍ മ്യൂസിയം സന്ദര്‍ശിച്ച ഐഎച്ച്എംഎ അംഗങ്ങള്‍ മ്യൂസിയം സംരക്ഷണമുള്‍പ്പെടയുള്ളവയ്ക്കാവശ്യമായ തുക സംഭാവനചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍