സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്താലെ ചരിത്രം മനസിലാകൂ; അമിത്ഷായ്‌ക്കെതിരെ മുഖ്യമന്ത്രി

കല്‍പ്പറ്റ: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷ വിമര്‍ശനം. വയനാടിനെതിരായ അമിത് ഷായുടെ പരാമര്‍ശം വര്‍ഗീയ വിഷം തുപ്പുന്നതാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. അമിത് ഷാ വയനാടിനെ അപമാനിച്ചു. വയനാടിന്റെ ചരിത്രം അമിത് ഷായ്ക്ക് അറിയില്ല. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്താലെ ചരിത്രം മനസിലാകൂ എന്നും പിറണായി പറഞ്ഞു. കല്‍പ്പറ്റയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. സുനീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോണ്‍ഗ്രസിന്റേത് വര്‍ഗീയതയോട് സമരസപ്പെടുന്ന നിലപാടാണെന്നും മത നിരപേക്ഷതയും വര്‍ഗീയതയും ഒരുമിച്ചു പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ആസിയന്‍ കരാറിന് വയനാട്ടിലെ ജനങ്ങളോട് കോണ്‍ഗ്രസ് മറുപടി പറയുമോ എന്നും പിണറായി ചോദിച്ചു.മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തെ വെടിവയ്പിലൂടെയാണ് ബിജെപി സര്‍ക്കാര്‍ നേരിട്ടതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സഖ്യകക്ഷികള്‍ക്കു വേണ്ടി രാഹുല്‍ ബാബ കേരളത്തിലേക്കു പോയി. എഴുന്നള്ളിപ്പു കാണുമ്പോള്‍ ഇത് ഇന്ത്യയിലാണോ പാക്കിസ്ഥാനിലാണോ എന്നു തിരിച്ചറിയാന്‍ കഴിയുന്നില്ല. എന്തിനാണ് അങ്ങനെ ഒരു സീറ്റിലേക്ക് അദ്ദേഹം പോയതെന്ന് മനസിലാക്കാന്‍ കഴിയുന്നില്ലെന്നുമായിരുന്നു അമിത് ഷായുടെ പ്രതികരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍