മാഹിയില്‍ വോട്ടെടുപ്പ് നാളെ ; പരസ്യപ്രചാരണം സമാപിച്ചു

മാഹി: മാഹിയുള്‍പ്പെടുന്ന പുതുച്ചേരി ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ പരസ്യപ്രചാരണം ഇന്നലെ വൈകുന്നേരത്തോടെ സമാപിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി. വൈദ്യലിംഗവും എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ. നാരായണ സാമി കേശവനും തമ്മിലാണ് പ്രധാന മത്സരം. ചലച്ചിത്ര നടന്‍ കമലഹാസന്റെ മക്കള്‍ നീതി മയ്യം സ്ഥാനാര്‍ഥി സുബ്രഹ്മണ്യനടക്കം 18 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
മാഹിയില്‍ മുപ്പതിനായിരത്തോളം വോട്ടര്‍മാരാണുള്ളത്. വോട്ടെടുപ്പ് കഴിഞ്ഞാല്‍ മാഹി, പള്ളൂര്‍, പന്തക്കല്‍ മേഖലകളിലെ ബൂത്തുകളില്‍നിന്നുള്ള വോട്ടിംഗ് മെഷീനുകള്‍ കനത്ത സുരക്ഷയില്‍ മാഹി ജെഎന്‍ജിഎച്ച്എസ്എസിലെ സ്‌ട്രോംഗ് റൂമില്‍ സൂക്ഷിക്കും. വോട്ടെണ്ണല്‍ ദിനമായ മേയ് 24ന് ഇവിടെത്തന്നെ വോട്ടുകള്‍ എണ്ണി പുതുച്ചേരിയിലേക്ക് വിവരം കൈമാറും. തുടര്‍ന്ന് പുതുച്ചേരിയിലെയും മാഹിയിലെയും വോട്ടുകള്‍ കൂട്ടി നോക്കിയാണ് വിജയിയെ പ്രഖ്യാപിക്കുക.
തെരഞ്ഞെടുപ്പിന് സുരക്ഷ ഒരുക്കുന്നതിന് 200 പേരുള്‍പ്പെടുന്ന ഒരു ബറ്റാലിയന്‍ സിആര്‍പിഎഫ് സേന എത്തിയിട്ടുണ്ട്. മാഹി മേഖലയില്‍ കേന്ദ്രസേന റൂട്ട് മാര്‍ച്ച് നടത്തി. മാഹി പാലം, പൂഴിത്തല, ചൊക്ലി ,പാറാല്‍, മാക്കുനി, കോപ്പാലം എന്നീ പ്രദേശങ്ങളില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാപിച്ച താത്കാലിക ചെക്ക് പോസ്റ്റുകളില്‍ കേന്ദ്രസേനയുടെ സഹായത്തോടെ വാഹനപരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. വോട്ടെടുപ്പ് ദിനമായ നാളെ മാഹിയില്‍ പൊതുഅവധി പ്രഖ്യാപിച്ചു. 19 വരെ മാഹിയില്‍ മദ്യനിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍