ലങ്കാ ദഹനം

 ലങ്ക എന്ന പേര് നാം ഇന്ത്യക്കാര്‍ക്ക് സുപരിചിതമാണ്. രാമായണ കഥയിലെ വില്ലന്‍ രാവണന്റെ ലങ്ക. വിധി വൈപരീത്യത്താല്‍ സീതാദേവി ഒരിക്കല്‍ എത്തിപ്പെട്ട ലങ്ക. ഇതേ കാരണത്താല്‍ രാവണന്റെ മേല്‍ ഹനുമാന്‍ വിജയം നേടിയ ലങ്ക. എന്നാല്‍ പണ്ട് ലങ്ക എന്ന പേരില്‍ മാത്രം അറിയപ്പെട്ടിരുന്ന ആ പ്രദേശം ഇപ്പോള്‍ ശ്രീലങ്ക എന്ന ജനാധിപത്യരാജ്യമാണ്. ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ പടം വരച്ചാല്‍ ഇന്ത്യയുടെ ഉറ്റി വീഴുന്ന കണ്ണുനീര്‍ തുള്ളി എന്ന പോലെ നിലക്കൊള്ളുന്നു ശ്രീലങ്ക. അവിടത്തെ ജനങ്ങളില്‍ ഭൂരിപക്ഷവും സിംഹളര്‍. സിഹളരില്‍ ബഹുഭൂരിപക്ഷവും ബുദ്ധമതവിശ്വാസികളും. ശ്രീലങ്കന്‍ തമിഴ് വംശജരും എണ്ണത്തില്‍ കുറഞ്ഞ മുസ്ലിംകളും ഇന്ത്യന്‍ വേരുകളുള്ള ന്യൂനപക്ഷം. പണ്ട് കാലത്തൊക്കെ ആ രാജ്യത്തിന്റെ രാഷ്ട്രീയ സാമൂഹ്യ അന്തരീക്ഷം ശാന്തമായിരുന്നു. പിന്നീട് സിംഹളര്‍ തമിഴ് വംശജരെ ഉപദ്രവിക്കുന്നു എന്ന കാരണത്തിന്മെല്‍ തമിഴരിലെ നല്ലൊരു വിഭാഗം വേലുപ്പിള്ള പ്രഭാകരന്‍ എന്ന നേതാവിന്റെ നേതൃത്വത്തില്‍ വിമത പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളോട് യുദ്ധവും തുടങ്ങി. അങ്ങിനെ ഒരു പാടുകാലം സര്‍ക്കാറും സിംഹളരും ഒരു ഭാഗത്തും തമിഴര്‍ മറു ഭാഗത്തുമായി ശത്രുതയില്‍ കഴിയുകയായിരുന്നു. ഈ ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളുടേയും സംഘട്ടനങ്ങളുടെയും രാഷ്ട്രീയ കൊലപാതകങ്ങളുടെയും കാലമായിരുന്നു ഒരു ദശകം മുമ്പ ത്തെ കുറെയേറെ ശ്രീലങ്കന്‍ കാലം. എന്നാലിക്കഴിഞ്ഞ ഒരു ദശകത്തിനു മുമ്പ് തമിഴ് കലാപകാരികളുടെ മേല്‍ സിംഹളഭൂരിപക്ഷവും അവരാല്‍ നയിക്കപ്പെടുന്ന സര്‍ക്കാ റും ഒരടിച്ചമര്‍ത്തലിന്റെ പ്രക്രിയയിലായിരുന്നു. അതിലവര്‍ വിജയിക്കുകയും ചെയ്തു. ഇപ്പോഴേതാണ്ട് പത്ത് വര്‍ഷമായി അവിടെ സമാധാനം വാഴുന്നു. ശ്രീലങ്കയുടെ തലസ്ഥാന നഗരമാണ് കൊളംബോ. പണ്ട് മലബാര്‍ ഗ്രാമങ്ങളില്‍ നിന്നുമുള്ള മാപ്പിളമാര്‍ കച്ചവടക്കാരായി പോയിരുന്നു അന്ന് കൊളമ്പ് എന്നറിയപ്പെട്ടിരുന്ന ആ നഗരത്തിലേക്ക്. സത്യത്തില്‍ അക്കൂട്ടര്‍ വഴിക്കാണ് അവിടെ ചെറുന്യൂനപക്ഷമായ മുസ്ലിം സമൂഹമുണ്ടായത്. ഏറെ വര്‍ഷക്കാലത്തെ സം ഘര്‍ഷങ്ങള്‍ക്കു ശേഷം ഇടക്ക് ചില രാഷ്ട്രീയ അട്ടിമറികളൊക്കെയുണ്ടായെങ്കിലും അതില്‍ നിന്നൊക്കെ മോചനം നേടിയ ശ്രീലങ്ക മെല്ലെ മെല്ലെ സമാധാനത്തിലേക്കും പുരോഗതിയിലേക്കും പിച്ച വെച്ചു വരികയായിരുന്നു. അപ്പോഴാണ് ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ വീണ്ടും കൊളംബോയിലും മറ്റു നഗരങ്ങളായ കത്വാപീതിയയിലും ബത്തിക്കലാവോയിലും ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഭീകരരുടെ ചാവേര്‍ സ്‌ഫോടനങ്ങളുണ്ടായതും അതിലെല്ലാം കൂടി 231 ആളുകള്‍ ഇതുവരെ കൊല്ലപ്പെട്ടതും നൂറ് കണക്കിനാളുകള്‍ ഗുരുതരമായി പൊള്ളലേറ്റ് ജീവഛവങ്ങളായതും
ഏതാനും ആഴ്ചകള്‍ക്കു മുമ്പു ന്യൂസിലണ്ടിലെ മുസ്ലിം പള്ളികളിലും ഇതുപോലെ ഭീകര ആക്രമണം നടന്നിരുന്നു. ആ രാജ്യം ഇരകളെയും അവരുടെ വേണ്ടപ്പെട്ടവരെയും ചേര്‍ത്തു പിടിച്ചു. ശക്തമായ നടപടികളെടുത്തു. ആ രാജ്യക്കാര്‍ മുഴുവന്‍ ഒറ്റക്കെട്ടാണ് എന്ന സന്ദേശം ലോകത്തിന് നല്‍കി. എന്നാല്‍ ശ്രീലങ്കയില്‍ ഇത്രവലിയ കൂട്ടക്കൊലയുണ്ടായിട്ടും അവിടത്തെ പ്രസിഡന്റിന്റെ പക്ഷവും പ്രധാനമന്ത്രിയുടെ പക്ഷവും തമ്മില്‍ ആരോപണപ്രത്യാരോപണങ്ങളിലാണ്. സംഭവം സംബന്ധിച്ച ഇന്റലിജന്‍സ് മുന്നറിയിപ്പുകള്‍ അവഗണിക്കപ്പെട്ടുപോല്‍. ഇത് കാണിക്കുന്നത് ഈ സ്‌ഫോടനങ്ങളിലെ ഇരകള്‍ക്ക് നീതി ലഭ്യമാവാന്‍ അത്ര എളുപ്പമല്ല എന്ന് തന്നെ. അന്താരാഷ്ട്ര സമ്മര്‍ദ്ദവും സഹായങ്ങളും ശ്രീലങ്കയുടെ മേല്‍ ഉണ്ടാവുക എന്നതാണ് ഇതിന് പരിഹാരം. അത് ഏതാണ്ട് തുടങ്ങിക്കഴിഞ്ഞിട്ടുമുണ്ട്. സ്‌ഫോടനം നടത്തിയ ചാവേറുകളെ ആരാണ്, ഏത് ഭീകര ഗ്രൂപ്പാണ് പറഞ്ഞയച്ചത് എന്നതില്‍ ഇത് വരെ വ്യക്തത വന്നിട്ടില്ല. കാര്യമായ സംശയമുള്ളത് നാഷണല്‍ തൗഹീദ് ജമാ അത്ത് എന്ന ഭീകര ഗ്രൂപ്പിനെയാണ്. എന്നാല്‍ ആ സംഘടന ഇതു വരെ ഉത്തരവാദിത്വവം ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ഏറ്റവും ഒടുവിലായി ഐഎസ് ഉത്തരവാദിത്വമേറ്റെടുത്തു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ന്യൂസിലാന്റ് സംഭവത്തിന്റെ പ്രതികാരമാണെന്നും പറയപ്പെടുന്നു. വരും ദിവസങ്ങളില്‍ ശരിയായ കണ്ണികളെ വെളിച്ചത്തു കൊണ്ടുവരാന്‍ അവിടത്തെ അന്വേഷണസംഘത്തിന് കഴിയുമെന്ന് തല്‍ക്കാലം പ്രതീക്ഷിക്കുകതന്നെ. എന്നാലൊരു കാര്യമുണ്ട്. അങ്ങിനെയൊരു ഗ്രൂപ്പാണ് ഇത് ചെയ്തതെങ്കില്‍ അവര്‍ ആ രാജ്യത്തിന്റെ സര്‍വശക്തിയും ഉപയോഗിച്ച് അടിച്ചമര്‍ത്തപ്പെടണം. ഇതു പോലെയുള്ള അക്രമങ്ങള്‍ ഒരിക്കലും ഇസ്ലാമിന്റെയും മുസ്ലിംകളുടെയും മാര്‍ഗമല്ല തന്നെ. ഇപ്പോഴത്തെ അടിയന്തരാവശ്യം ശ്രീലങ്കയിലെ അധികൃതര്‍ പ്രശ്‌നത്തന്റെ ഗൗരവം മനസ്സിലാക്കി അവരുടെ സങ്കുചിതമായ രാഷ്ട്രീയ താല്‍പര്യങ്ങള്‍ മാറ്റിവെച്ച് മുറിവുണക്കാന്‍ ശ്രമിക്കുകയും കുറ്റവാളികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരികയും ചെയ്യുക എന്നതാണ്. ഇതിനായി അങ്ങോട്ടൊഴുകട്ടെ ലോകത്തിന്റെ മുഴുവന്‍ ധാര്‍മികപിന്തുണയും മറ്റു സഹായങ്ങളും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍