സമൂഹമാധ്യമങ്ങളിലൂടെയുള്ള പരിഹാസം വിഷമമുണ്ടാക്കിയിട്ടില്ല: കണ്ണന്താനം

കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ തന്നെ പരിഹസിക്കുന്നത് വിഷമമുണ്ടാക്കിയിട്ടില്ലെന്ന് എറണാകുളം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. എറണാകുളം പ്രസ് ക്ലബില്‍ സംഘടിപ്പിച്ച വോട്ടും വാക്കും എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് തൊഴിലില്ലായ്മ വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഒരു തൊഴിലുമില്ലാത്ത ചെറുപ്പക്കാരാണ് തന്നെ സമൂഹമാധ്യമങ്ങളിലൂടെ പരിഹസിക്കുന്നത്. താന്‍ മണ്ഡലം മാറി വോട്ട് ചോദിച്ചു എന്ന തരത്തില്‍ പ്രചാരണമുണ്ടായി. തനിക്ക് മണ്ഡലം മാറിയതല്ല, പല മണ്ഡലങ്ങളിലും താന്‍ പോയി വോട്ട് അഭ്യര്‍ഥിക്കാറുണ്ട്. അതു തനിക്ക് വേണ്ടിയല്ലെന്നും ബിജെപിക്ക് വോട്ട് ചെയ്യണമെന്നുമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ബിജെപി പാവങ്ങള്‍ക്കു വേണ്ടി ചെയ്ത കാര്യങ്ങള്‍ മറ്റൊരു സര്‍ക്കാരും ചെയ്തിട്ടില്ല. 60 വര്‍ഷം കൊണ്ട് ചെയ്യാത്ത കാര്യങ്ങളാണ് കഴിഞ്ഞ നാലു വര്‍ഷത്തില്‍ ചെയ്തത്. മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ വിപ്ലവം സ്വച്ഛ് ഭാരതാണ്. 80 കോടി ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യയെ ബിജെപി സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ എന്താണ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. എല്‍ഡിഎഫും യുഡിഎഫും ഭരിച്ചിട്ട് കേരളം കുളമായിരിക്കുകയാണ്. പരാജയഭീതിയെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശില്‍ നിന്ന് ഒളിച്ചോടിയതെന്നും അദ്ദേഹം പരിഹസിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍