ആചാരത്തിനൊപ്പം; കോണ്‍ഗ്രസ് നിലപാട് വിശദീകരിച്ച് രാഹുല്‍ ഗാന്ധി

പത്തനംതിട്ട: വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്നതാണ് കോണ്‍ഗ്രസ് നിലപാടെന്ന് എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുഡിഎഫ് പത്തനംതിട്ട ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും അവരുടേതായ വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടരാന്‍ രാജ്യത്ത് അവകാശമുണ്ട്. ജനമനസുകളിലുള്ള വിശ്വാസത്തിനനുസൃതമായ അനുഷ്ഠാനങ്ങള്‍ പിന്തുടരാനുള്ള അവകാശത്തിനു കോണ്‍ഗ്രസ് പാര്‍ട്ടി ഒരിക്കലും എതിരല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരാള്‍ക്കു സ്വന്തം ആശയത്തില്‍ വിശ്വസിക്കാനും അതു പിന്തുടരാനുമുള്ള അവകാശമുണ്ട്. അതേപോലെ മറ്റുള്ളവര്‍ക്കു വിയോജിക്കാനും അവകാശമുണ്ട്. എന്നാല്‍, വിയോജിക്കുന്നവരോടു ബഹുമാനം പുലര്‍ത്തേണ്ടതുണ്ട്. ജനങ്ങളുടെ ഹൃദയത്തിലുള്ളതു പ്രകടിപ്പിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്നാണ് ബിജെപി പറയുന്നത്. എന്നാല്‍, ബിജെപി മുക്ത ഭാരതമെന്നല്ല കോണ്‍ഗ്രസിന്റെ മുദ്രാവാക്യം. ബിജെപിയെയും ആര്‍എസ്എസിനെയും ഉന്മൂലനം ചെയ്യുന്നതല്ല കോണ്‍ഗ്രസിന്റെ നയം. ഒരു ആശയം, ഒരു ചിന്ത, ഒരു വിശ്വാസം, അതനുസരിച്ചുളള ഭരണഘടന എന്നിവ ആര്‍എസ്എസും ബിജെപിയും അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നതു രാജ്യത്തിന്റെ വൈവിധ്യത്തെ തകര്‍ക്കും. മോദി പറഞ്ഞത് അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കേണ്ട, ചൗക്കിദാര്‍ (കാവല്‍ക്കാരന്‍) ആക്കിയാല്‍ മതിയെന്നാണ്. എന്നാല്‍, മോദി ജനങ്ങളുടെ വോട്ടു വാങ്ങിയശേഷം അനില്‍ അംബാനിയുടെ കാവല്‍ക്കാരനാകുകയായിരുന്നുവെന്നു രാഹുല്‍ കുറ്റപ്പെടുത്തി. 30,000 കോടി രൂപയാണ് അനില്‍ അംബാനിക്ക് മോദി നല്‍കിയത്. ഒരു ചെറുവിമാനം പോലും അനില്‍ അംബാനി നിര്‍മിച്ചിട്ടില്ല. എന്നാല്‍, ഏറ്റവും വലിയ എയര്‍ക്രാഫ്റ്റ് കരാറാണ് അനില്‍ അംബാനിക്ക് മോദി ദാനം ചെയ്തത്. വിമാന നിര്‍മാണ രംഗത്ത് പരിചയവും യോഗ്യതയും അംബാനിക്കില്ല. പ്രധാനമന്ത്രിയുടെ സുഹൃത്തായതുകൊണ്ടു മാത്രമാണ് കരാര്‍ നല്‍കിയത്. എല്ലാവരുടെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്നാണു മോദി പ്രധാനമന്ത്രിയാകും മുമ്പ് പറഞ്ഞത്. ഒരു രൂപ പോലും കൊടുത്തില്ല. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ നടപ്പാക്കും. ഓരോ വര്‍ഷവും 72,000 രൂപ പാവപ്പെട്ടവരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കും. ഇടനിലക്കാരുണ്ടാകില്ല. ദാരിദ്ര്യത്തിനെതിരേ നാം മിന്നലാക്രമണം നടത്തും. രാജ്യത്തെ 20 ശതമാനം ജനങ്ങള്‍ പാവപ്പെട്ടവരാണ്. മധ്യവര്‍ത്തികളില്‍നിന്ന് പണമെടുത്തല്ല പാവങ്ങള്‍ക്കു നല്‍കുന്നത്. രാജ്യത്തിന്റെ വളര്‍ച്ചയുടെ എന്‍ജിന്‍ മധ്യവര്‍ത്തികളാണ്. അവരില്‍നിന്ന് ഒരു പൈസ പോലും വാങ്ങില്ല. നികുതി ഒരിക്കലും ഉയര്‍ത്തില്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ചരക്കുസേവന നികുതി (ജിഎസ്ടി) ഉടച്ചുവാര്‍ക്കും. ഒറ്റ നികുതി, ലളിത നികുതി, മിനിമം നികുതി ഇതായിരിക്കും ജിഎസ്ടിയുടെ ഘടന. നോട്ടുനിരോധനത്തിലൂടെ ആയിരക്കണക്കിനു കോടി രൂപ ഇന്ത്യക്ക് പുറത്തേക്ക് ഒഴുക്കി. രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ ജീവിതം നോട്ടുനിരോധനത്തിലൂടെ മോദി സര്‍ക്കാര്‍ തകര്‍ത്തു. നോട്ടു നിരോധനത്തിലൂടെ നരേന്ദ്രമോദി തകര്‍ത്ത സന്പദ് വ്യവസ്ഥയെ കോണ്‍ഗ്രസ് ന്യായ് പദ്ധതിയിലൂടെ പുനര്‍നിര്‍മിക്കുമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ വിക്ടര്‍ ടി. തോമസ് അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി ആന്റോ ആന്റണി രാഹുല്‍ഗാന്ധിയെ സ്വീകരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍, മുകുള്‍ വാസ്‌നിക്, രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍, ഡോ.എന്‍. ജയരാജ് എംഎല്‍എ, മുന്‍ എംഎല്‍എമാരായ ജോസഫ് എം. പുതുശേരി, മാലേത്ത് സരളാദേവി, ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, എഐസിസി നിരീക്ഷകന്‍ മുരുകാനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍