മലയോരതീരദേശ ഹൈവേ, ജില്ലയുടെ വികസനത്തിലെ നാഴികക്കല്ല്: ജി. സുധാകരന്‍

കൊല്ലം: കേരളത്തിന്റെ ഗതാഗത മേഖലയില്‍ വന്‍ കുതിച്ചുചാട്ടം ആകുന്ന മലയോരതീരദേശ ഹൈവേ ജില്ലയുടെ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് മന്ത്രി ജി സുധാകരന്‍. ജില്ലയില്‍ ഉള്‍പ്പെടെ 1261 കിലോമീറ്റര്‍ ദൈര്‍ഘ്യവും 3500 കോടി രൂപ ചെലവും വരുന്ന മലയോര ഹൈവേയുടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു. തീരദേശ ഹൈവേയ്ക്ക് ചെലവ് 6500 കോടി രൂപയാണ്. ഇതില്‍ മലയോര ഹൈവേയുടെ ഏഴ് റീച്ചിന്റെ പണി ആരംഭിച്ചുകഴിഞ്ഞു. പിണറായി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ ജി സുധാകരന്‍ അഭ്യര്‍ഥിച്ചു. കൊല്ലം ബൈപാസ് പൂര്‍ത്തീകരിച്ചത് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്നതുകൊണ്ടാണ്. വസ്തുത ഇതായിരിക്കെ കൊല്ലം ബൈപാസ് കേന്ദ്രസര്‍ക്കാരിന്റെ നേട്ടമാണെന്ന് വരുത്താനുള്ള പ്രേമചന്ദ്രന്റെ ശ്രമം ബിജെപിക്കും മോദി സര്‍ക്കാരിനും പാദസേവ ചെയ്യലാണ്. 352 കോടി രൂപ ചെലവ് വന്ന ബൈപാസ് നിര്‍മ്മാണത്തില്‍ 176 കോടി രൂപ നല്‍കിയതും പദ്ധതി പ്രവര്‍ത്തനമാകെ ചെയ്തതും സംസ്ഥാനസര്‍ക്കാരാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പത്ത് ശതമാനം പ്രവര്‍ത്തനം മാത്രമാണ് നടന്നത്. എന്നിട്ട് താന്‍ ഇടപെട്ട് കേന്ദ്രസര്‍ക്കാരിനെ കൊണ്ട് ബൈപ്പാസ് യാഥാര്‍ഥ്യമാക്കി എന്ന നുണ പ്രചരണമാണ് പ്രേമചന്ദ്രന്‍ നടത്തുന്നത്. ങ്ങനെ മോദി സര്‍ക്കാരിനെ സ്തുതിക്കുന്ന പ്രേമചന്ദ്രന്‍ എങ്ങനെയാണ് ഹിന്ദു വര്‍ഗീയ ഫാസിസത്തിന് എതിരായ സമരത്തിലെ വിശ്വസ്ത രാഷ്ട്രീയ നാമം ആകുന്നത് എന്നും ജി സുധാകരന്‍ ചോദിച്ചു. പുനലൂര്‍, ചടയമെഗലം നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന സമ്മേളനങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍