കിഫ്ബി ബോണ്ടിന്റെ പേരില്‍ വിവാദം ഉണ്ടാക്കുന്നത് വികസന വിരുദ്ധര്‍:മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനത്തിനായി മസാല ബോണ്ടുകള്‍ വഴി പണം സ്വരൂപിച്ചതില്‍ അഴിമതിയുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. മസാല ബോണ്ടുകള്‍ സ്വീകരിച്ചത് റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഇത് സംബന്ധിച്ച ആരോപണങ്ങള്‍ക്ക് പിന്നില്‍ വികസന വിരുദ്ധരാണെന്നും പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷനേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറയുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. .കൃത്യമായ മാനദണ്ഡങ്ങളോടെയാണ് കിഫിബി പ്രവര്‍ത്തിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കിഫ്ബി മസാല ബോണ്ട് സ്വീകരിച്ചത്. ഇതിനെതിരെ വിവാദങ്ങളുണ്ടാക്കുന്നത് വികസനത്തിന് തടസം നില്‍ക്കുന്നവരാണ്. ബി.ജെ.പിയും കോണ്‍ഗ്രസും ഒരുമിച്ച് നിന്നാണ് സര്‍ക്കാരിനെതിരെ വിവാദങ്ങളുണ്ടാക്കുന്നത്. നീരവ് മോദിക്ക് വായ്പ നല്‍കിയ എസ്.ബി.ഐയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പണം വാങ്ങിയാല്‍ അത് നീരവ് മോദിയില്‍ കൈപ്പറ്റിയതാണെന്ന് പറയുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.മസാല ബോണ്ടില്‍ ~ഒരു കമ്പനി നിക്ഷേപം നടത്തിയതില്‍ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. 2,150 കോടി രൂപ മസാല ബോണ്ടിലൂടെ സമാഹരിച്ചത് ലോകാത്ഭുതമായി പ്രചരിപ്പിച്ചവര്‍ ബോണ്ട് വാങ്ങിയത് ആരെന്നത് രഹസ്യമാക്കിയത് എന്തിനാണ് എവിടെ വച്ചാണ് ഇടപാട് നടന്നത് ആരാണ് പങ്കെടുത്തത് ഇടനിലക്കാര്‍ ആരെല്ലാം ബോണ്ട് ആര്‍ക്കും വാങ്ങാമെന്നിരിക്കെ എന്തുകൊണ്ട് കാനഡക്കാര്‍ മാത്രം വന്നു ഇടപാടിന്റെ രേഖകള്‍ പുറത്തുവിട്ട് സുതാര്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയ്ക്ക് പുറത്ത് നിന്ന് ധനസമാഹരണത്തിനായി ഇന്ത്യന്‍ രൂപയില്‍ പുറത്തിറക്കുന്ന ബോണ്ടുകളാണ് മസാലബോണ്ട്. അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങള്‍ അംഗീകരിച്ചതനുസരിച്ചാണ് ഈ ഏര്‍പ്പാട്. ഇന്ത്യയില്‍ നിന്ന് സ്ഥാപനങ്ങള്‍ പുറത്തിക്കുന്ന ഇന്ത്യന്‍ രൂപയിലുള്ള ബോണ്ടിന് മസാലബോണ്ടെന്നും ജപ്പാനില്‍ നിന്നുള്ളതിന് സമുറായ് ബോണ്ട്, ചൈനയില്‍ നിന്നുളളതിന് ദിസംബോണ്ട് എന്നിങ്ങിനെയാണ് പേര്. 2016ലാണ് ഇന്ത്യന്‍ റിസര്‍വ്വ് ബാങ്ക് ഇത്തരത്തിലുള്ള ധനസമാഹരണത്തിന് അനുമതി നല്‍കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍