വാടക നല്‍കാതെ ശബരിമല സ്ഥാപനങ്ങള്‍: കുടിശിക വരുത്തിയവ അടച്ചു പൂട്ടാനൊരുങ്ങി ദേവസ്വം ബോര്‍ഡ്


ശബരിമല: ശബരിമലയിലെ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി ദേവസ്വം ബോര്‍ഡ്. വാടക കുടിശിക വരുത്തിയ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാനൊരുങ്ങുകയാണ് ദേവസ്വം ബോര്‍ഡ്. കരാര്‍ കാലാവധി അവസാനിച്ചിട്ടും കുടിശിക തുക അടയ്ക്കാത്ത സ്ഥാപങ്ങള്‍ക്കെതിരെയാണ് നടപടിയുമായി ഉദ്യോഗസ്ഥര്‍ എത്തിയത്.നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള 122 കച്ചവട സ്ഥാപനങ്ങളില്‍ നിന്ന് 15 കോടിയോളം രൂപയാണ് ദേവസ്വം ബോര്‍ഡിന് കുടിശിക ഇനത്തില്‍ ലഭിക്കാനുള്ളത്.
സന്നിധാനത്ത് മാത്രം 40 കടകളാണ് കുടിശിക അടയ്ക്കാനുള്ളത്. മേട മാസ പൂജയ്ക്ക് മുമ്പായി കുടിശിക തീര്‍ക്കണമെന്ന് കാണിച്ച് സ്ഥാപന ഉടമകള്‍ക്ക് ദേവസ്വം ബോര്‍ഡ് നോട്ടീസ് നല്‍കിയിരുന്നു.
വാടകനല്‍കാത്ത വ്യാപാരസ്ഥാപനങ്ങളിലേയ്ക്കുള്ള വൈദ്യുതി ദേവസ്വംബോര്‍ഡ് തടഞ്ഞിരുന്നു. വെള്ളവും വെളിച്ചവുമില്ലാതായതോടെ സന്നിധാനത്തെ കച്ചവട കേന്ദ്രങ്ങള്‍ പ്രതിസന്ധിയിലായി. 17കോടി രൂപ കുടിശിഖ ഇനത്തില്‍ കച്ചവടസ്ഥാപനങ്ങള്‍ നല്‍കാനുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞിരുന്നു. യുവതി പ്രവേശവിഷയവുമായി ബന്ധപ്പെട്ട് നഷ്ടമുണ്ടായി എന്ന കാരണം പറഞ്ഞാണ് വ്യാപാരികള്‍ വാടക നല്‍കാത്തത്. ഇക്കാരണങ്ങളാലാണ് കുടിശിക ഉണ്ടായതെന്നും ഇവ അടച്ചു തീര്‍ക്കാന്‍ സമയം അനുവദിക്കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍