വാരണാസിയില്‍ മോദിക്ക് ബി.ജെ.പിയില്‍ നിന്ന് അപ്രതീക്ഷിത എതിരാളിയെ ഇറക്കാന്‍ പ്രതിപക്ഷം, അനുനയനീക്കവുമായി ആര്‍.എസ്.എസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി പദത്തിലേക്ക് രണ്ടാമൂഴം തേടുന്ന നരേന്ദ്ര മോദിക്കെതിരെ തന്റെ മണ്ഡലമായ വാരണാസിയില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ എതിരാളിയെ രംഗത്തിറക്കാന്‍ പ്രതിപക്ഷ നീക്കം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതിരുന്ന മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളീ മനോഹര്‍ ജോഷിയെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം. ഇതിനെ തടിയിടാന്‍ ആര്‍.എസ്.എസ് നേതൃത്വം അനുനയ നീക്കവുമായി രംഗത്തെത്തിയതായും വിവരമുണ്ട്. 2014ല്‍ മുരളീ മനോഹര്‍ ജോഷി ഒഴിഞ്ഞുകൊടുത്ത സീറ്റിലാണ് നരേന്ദ്ര മോദി മത്സരിച്ച് വിജയിച്ചത്. തുടര്‍ന്ന് കാണ്‍പൂരില്‍ നിന്ന് ജനവിധി തേടിയ ജോഷി 54ശതമാനം വോട്ട് നേടിയാണ് പാര്‍ലമെന്റിലെത്തിയത്. എന്നാല്‍ പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ്‌സ് കമ്മിറ്റി ചെയര്‍മാനായ ജോഷി ഗംഗ ശുചീകരണം, ബാങ്കിംഗ് എന്‍.പി.എ തുടങ്ങിയ വിഷയത്തില്‍ പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടുകള്‍ മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. സാമ്പത്തിക തട്ടിപ്പുകാരുടെ 'രാജന്‍ ലിസ്റ്റ്' (രഘുറാം രാജന്‍ പുറത്തുവിട്ട ലിസ്റ്റ്) വെളിപ്പെടുത്തിയതും ജോഷിയായിരുന്നു. ഇക്കാരണത്താലാണ് ജോഷിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതെന്നാണ് പാര്‍ട്ടിയിലെ തന്നെ സംസാരം. തനിക്ക് സീറ്റ് നല്‍കാത്തതിലെ നീരസം അദ്ദേഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ താന്‍ കോണ്‍ഗ്രസിന് വേണ്ടി വോട്ട് ചെയ്യുമെന്ന തരത്തില്‍ ജോഷിയുടെ പേരില്‍ വ്യാജ പോസ്റ്ററുകളും പ്രചരിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍