റഫാലില്‍ കേന്ദ്രത്തിന് തിരിച്ചടി: പുതിയ രേഖകള്‍ സ്വീകരിക്കാന്‍ സുപ്രീംകോടതി അനുമതി

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധ വിമാന ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. ദി ഹിന്ദു പത്രം പുറത്തുവിട്ട രഹസ്യരേഖകള്‍ റഫാല്‍ യുദ്ധവിമാന ഇടപാടില്‍ തെളിവായി സ്വീകരിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. ബെഞ്ച് ഏകകണ്ഠമായാണ് വിധി പ്രഖ്യാപനം നടത്തിയത്. പത്രം പുറത്തുവിട്ട രേഖകളുടെ അടിസ്ഥാനത്തില്‍ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍, ബിജെപി മുന്‍ നേതാക്കളായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. പുനഃപരിശോധന ഹര്‍ജി പരിഗണിക്കാമെന്നും കോടതി പരാമര്‍ശിച്ചു. പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന തീയതി പിന്നീട് തീരുമാനിക്കും. റഫാല്‍ ഇടപാടില്‍ മോദി സര്‍ക്കാരിനു ക്ലീന്‍ചിറ്റ് നല്‍കിയ ഡിസംബറിലെ വിധി പുതിയ രേഖകളുടെ അടിസ്ഥാനത്തില്‍ പുനഃപരിശോധിക്കാമോ എന്നാണ് കോടതി പരിശോധിച്ചത്. രഹസ്യരേഖകളാണ് ചോര്‍ത്തപ്പെട്ടിരിക്കുന്നതെന്നും അവ തെളിവായി സ്വീകരിക്കരുതെന്നും ഇത് രാജ്യ സുരക്ഷയുടെ ഭാഗമാണെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ വാദിച്ചിരുന്നു. ഇവ തള്ളിയാണ് കോടതി വിധി പുറപ്പെടുവിച്ചത്. ദി ഹിന്ദു ചെയര്‍മാന്‍ എന്‍. റാമാണ് പ്രതിരോധ മന്ത്രാലയത്തില്‍നിന്നു ചോര്‍ത്തിയ രേഖകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് യഥാര്‍ഥ രേഖകളാണെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ സമ്മതിച്ചു. വിമാന ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സമാന്തര ഇടപെടലുകളെ പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥര്‍ എതിര്‍ത്തിരുന്നെന്നാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍