ഭീകരവാദം പ്രശ്‌നമല്ലെങ്കില്‍ സുരക്ഷ വേണ്ടെന്ന് എഴുതി നല്‍കൂ...രാഹുലിനോട് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രധാന പ്രശ്‌നം ഭീകരവാദമല്ലെന്നും തൊഴിലില്ലായ്മയാണെന്നുമുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര സര്‍ക്കാര്‍. രാഹുലിന് ഭീകരവാദം പ്രശ്‌നമല്ലെങ്കില്‍ അദ്ദേഹത്തിന് ലഭിക്കുന്ന എസ്പിജി സുരക്ഷ വേണ്ടെന്ന് വയ്ക്കണമെന്ന് വിദേശകാര്യമന്ത്രി സുഷമസ്വരാജ് ആവശ്യപ്പെട്ടു.''രാഹുലിന് ഭീകരവാദം ഒരു പ്രശ്‌നമല്ലെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ എന്തിനാണ് താങ്കള്‍ക്ക് എസ്പിജി സുരക്ഷ. അത് വേണ്ട എന്ന് എഴുതി നല്‍കൂ. രാജീവ് ഗാന്ധി വധത്തിനു ശേഷം താങ്കളുടെ കുടുംബാംഗങ്ങള്‍ എല്ലാം തന്നെ സുരക്ഷാവലയത്തിനുള്ളിലാണ്. അങ്ങനെയിരിക്കെ, രാജ്യത്ത് ഭീകരവാദമേയില്ല എന്നാണ് താങ്കളുടെ അഭിപ്രായമെങ്കില്‍ സുരക്ഷ വേണ്ടെന്നു വയ്ക്കണം'' സുഷമ പറഞ്ഞു. പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ സൈനിക നടപടിക്ക് അന്താരാഷ്ട്ര തലത്തില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാല്‍, നമ്മുടെ പ്രതിപക്ഷ പാര്‍ട്ടികള്‍ അതിനെ കണക്കറ്റ് വിമര്‍ശിക്കുകയാണ് ചെയ്തത് സുഷമ കുറ്റപ്പെടുത്തി. ജെയ്ഷ് ഇ മുഹമ്മദിനെതിരായി നടത്തിയ ആക്രമണത്തിന്റെ ക്രെഡിറ്റ് ബിജെപി ഒറ്റയ്ക്ക നേടും എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നതെന്നും ഇത് തീര്‍ത്തും ബാലിശമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി സര്‍ക്കാര്‍ ചെയ്ത നടപടികളെ വിമര്‍ശിക്കുന്നവര്‍ 2008ല്‍ മുബൈ ഭീകരാക്രമണം നടന്നപ്പോള്‍ യുപിഎ എന്തുകൊണ്ട് ശക്തമായ നടപടി സ്വീകരിച്ചില്ല എന്ന് ആലോചിക്കണമെന്നും സുഷമ ഓര്‍മ്മപ്പെടുത്തി. സുരക്ഷ, വികസനം, ക്ഷേമം എന്നീ മൂന്ന് പ്രധാന മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ബിജെപിയും എന്‍ഡിഎയും 2019ലെ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി. ഹൈദരാബാദിലെ ഒരു തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കവേയാണ് സുഷമ സ്വരാജ് ഈ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍