ക്ഷേത്രങ്ങളെയും മതസ്ഥാപനങ്ങളെയും എന്തിനാണ് സര്‍ക്കാര്‍ നിയന്ത്രിക്കുന്നതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ക്ഷേത്രങ്ങളെയും മതസ്ഥാപനങ്ങളെയും എന്തിനാണ് സര്‍ക്കാര്‍ നിയന്ത്രിക്കുന്നതെന്ന് സുപ്രീം കോടതി. ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട വാദത്തിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. മതനിരപേക്ഷരാജ്യത്ത് ക്ഷേത്രഭരണത്തില്‍ സര്‍ക്കാരിന് എത്രത്തോളം ഇടപെടാനാകുമെന്ന് ശബരിമലയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ പരാമര്‍ശിച്ചപ്പോള്‍ സുപ്രീം കോടതിയും അത് ശരിവയ്ക്കുകയായിരുന്നു. ശബരിമല ഭരിക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ നിയമിക്കുന്നത് സര്‍ക്കാരാണെന്ന് അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നിയമിക്കുന്ന ബോര്‍ഡുകളാണ് രാജ്യത്ത് പലയിടത്തും ക്ഷേത്രങ്ങള്‍ ഭരിക്കുന്നത്. മതനിരപേക്ഷ രാജ്യത്ത് ക്ഷേത്രങ്ങളുടെ ഭരണത്തില്‍ സര്‍ക്കാരിന് എത്രത്തോളം ഇടപെടാനാകുമെന്നും അറ്റോര്‍ണി ചോദിച്ചു. അറ്റോര്‍ണിയുടെ വാദം ശരിയാണെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ നിന്ന് വിഗ്രഹങ്ങള്‍ മോഷണം പോകുന്നത് കോടതി ചൂണ്ടിക്കാട്ടി. ഇത് മതവികാരത്തിന്റെ വിഷയം മാത്രമല്ലെന്നും വിഗ്രഹങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതിനിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണറുടെ നിയമനം സുപ്രീം കോടതി പരിശോധിക്കും. കമ്മിഷണറെ നിയമിക്കാന്‍ സര്‍ക്കാരിനല്ല മറിച്ച് ബോര്‍ഡിനാണ് അധികാരമെന്ന ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് സ്‌റ്റേ. ഇനിയൊരു ഉത്തരവുണ്ടാകും വരെ തല്‍സ്ഥിതി തുടരാനും കോടതി ഉത്തരവിട്ടു. ദേവസ്വം കമ്മിഷണര്‍ എന്‍. വാസുവിന്റെ കാലാവധി ജനുവരിയില്‍ അവസാനിക്കാനിരിക്കെയാണ് പുതിയ നിയമനത്തിനായി ബോര്‍ഡിന് മൂന്നുപേരുടെ പാനല്‍ സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടത്. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജിയും ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയിലെത്തിയത്. കമ്മിഷണര്‍ നിയമനത്തിനായി അഡീഷണല്‍ സെക്രട്ടറിയെ നിയോഗിക്കാമെന്നും അല്ലാതെ പാനല്‍ നല്‍കാനാകില്ലെന്നുമാണ് സംസ്ഥാനസര്‍ക്കാര്‍ വാദിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍