പ്രചാരണത്തിലൂടെ വോട്ടിംഗ് ശതമാനം കൂടും : ഗവര്‍ണര്‍

തിരുവനന്തപുരം :വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ ഇത്തവണ കേരളത്തിലെ വോട്ടിംഗ് ശതമാനം വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. വോട്ടര്‍ ബോധവത്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പുറത്തിറക്കിയ വീഡിയോ സി.ഡി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. വോട്ടു ചെയ്യുക എന്നത് പൗരന്റെ കടമയാണ്. മനോഹരമായ തിരഞ്ഞെടുപ്പ് ഗാനമാണ് ചീഫ് ഇലക്ടറല്‍ ഓഫീസറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ ഗാനം മറ്റു സംസ്ഥാനങ്ങള്‍ക്കും അയച്ചുനല്‍കണം. രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ എല്ലാ ജീവനക്കാര്‍ക്കുമായി ഗാനം അടുത്ത ദിവസം തന്നെ കാണിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉത്‌സവമാണ് ഇന്ത്യന്‍ തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമയിലെ ചന്ദനലേപ സുഗന്ധം എന്ന ഗാനം രചിച്ച ജയകുമാറിനെക്കൊണ്ട് പാട്ടെഴുതിക്കണമെന്ന ആഗ്രഹമാണ് തിരഞ്ഞെടുപ്പ് ഗാനത്തിലൂടെ സാദ്ധ്യമായതെന്ന് അദ്ധ്യക്ഷത വഹിച്ച ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. തിരഞ്ഞെടുപ്പ് ഗാനത്തിന്റെ സി.ഡി ജ്യോതിര്‍ഗമയ ഫൗണ്ടേഷന്‍ സ്ഥാപക ടിഫാനി ബ്രാറിന് നല്‍കിയാണ് ഗവര്‍ണര്‍ പ്രകാശനം ചെയ്തത്. സ്വീപിന്റെ ഭാഗമായി തയ്യാറാക്കിയ പോസ്റ്ററുകളും ഗവര്‍ണര്‍ പ്രകാശനം ചെയ്തു. ഗാനം രചിച്ച മുന്‍ ചീഫ് സെക്രട്ടറിയും ഐ. എം. ജി ഡയറക്ടറുമായ കെ. ജയകുമാര്‍, സംഗീത സംവിധായകന്‍ മാത്യു ടി. ഇട്ടി, ടിഫാനി ബ്രാര്‍ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. കേരളത്തിലെ തിരഞ്ഞെടുപ്പ് ഐക്കണുകളായി ഇ. ശ്രീധരന്‍, കെ. എസ്. ചിത്ര എന്നിവരെ പ്രഖ്യാപിച്ചു. ജോ. സി. ഇ. ഒ ജീവന്‍ ബാബു, അഡിഷണല്‍ സി. ഇ. ഒ സുരേന്ദ്രന്‍ പിള്ള എന്നിവരുംപങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍