ഹൃദയത്തില്‍ തൊട്ട് ജോസ് കെ. മാണിയുടെ കുറിപ്പ്

 കോട്ടയം: കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണിയുടെ വേര്‍പാടിന്റെ നൊമ്പരം പങ്കുവച്ചു മകനും എംപിയുമായ ജോസ് കെ. മാണിയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ സങ്കടം നിറഞ്ഞുനില്‍ക്കുന്നു. അച്ചാച്ചന്‍ പകര്‍ന്നു തന്ന ധൈര്യമെല്ലാം ചോര്‍ന്നു പോകുകയാണെന്ന് ജോസ് കെ. മാണി കുറിപ്പില്‍ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: അച്ചാച്ചന്‍ നമ്മളെ വിട്ടുപിരിഞ്ഞു. എന്നന്നേക്കുമായി. കുറച്ചുദിവസങ്ങളായി കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അച്ചാച്ചന്റെ ആരോഗ്യനില ഇന്നു വൈകുന്നേരത്തോടെ അത്യന്തം മോശമാകുകയും നിത്യതയില്‍ വിലയം പ്രാപിക്കുകയുമായിരുന്നു.ഈ നിമിഷത്തില്‍ വല്ലാത്ത ശൂന്യത... അച്ചാച്ചന്‍ പകര്‍ന്നു തന്ന ധൈര്യമെല്ലാം ചോര്‍ന്നുപോകുന്നതുപോലെ.. ജീവിതത്തിന്റെ തുരുത്തില്‍ ഒറ്റയ്ക്കായതുപോലെ.. കൈപിടിച്ചു നടത്തിയ അച്ചാച്ചന്റെ കരുതല്‍ ഇനിയില്ല... സ്‌നേഹത്തിന്റെയും കരുതലിന്റെയും വാത്സല്യത്തിന്റെയും കടലായിരുന്നു അച്ചാച്ചന്‍... രാഷ്ട്രീയത്തിന്റെ തിരക്കിലും കരിങ്ങോഴയ്ക്കല്‍ കുടുംബത്തിന്റെ ഓരോ ശ്വാസത്തിലും അച്ചാച്ചനുണ്ടായിരുന്നു.. അമ്മയ്ക്കു തണലായി. ഞങ്ങള്‍ക്കു സ്‌നേഹസ്പര്‍ശമായി.... കൃത്യനിഷ്ഠയു ടെയും അച്ചടക്കത്തിന്റെയും കാര്യത്തിലുളള കണിശത അച്ചാച്ചന്റെ മുഖമുദ്രയായിരുന്നു. ധരിക്കുന്ന വെള്ളവസ്ത്രം പോലെ പൊതുജീവിതത്തില്‍ സമര്‍പ്പണവും വ്യക്തിശുദ്ധിയും പാലിക്കണമെന്നതില്‍ നിര്‍ബന്ധ ബുദ്ധിതന്നെ ഉണ്ടായിരുന്നു... സഹജീവി കാരുണ്യം, സഹിഷ്ണുത പൊതുജീവിതത്തില്‍ അച്ചാച്ചന്‍ എന്നും മുറുകെപിടിച്ച മാനുഷികത..അതു മറക്കാനാവില്ല... എത്രയെത്ര സന്ദര്‍ഭങ്ങളാണ് മനസിലേക്ക് ഓടി വരുന്നത്...ചെന്നൈയില്‍നിന്ന് അക്കാലത്തു നിയമബിരുദം നേടിയ അച്ചാച്ചന്‍ ഞങ്ങളുടെ വിദ്യാഭ്യാസ കാര്യത്തിലും അതേ ജാഗ്രത പുലര്‍ത്തി...വീട്ടില്‍നിന്ന് അകന്നുളള തമിഴ്‌നാട്ടിലെ വിദ്യാഭ്യാസത്തിനു മുന്‍കൈ എടുത്തതതും അച്ചാച്ചനായിരുന്നു. അച്ചാച്ചന്റെ ആ ക്രാന്തദര്‍ശിത്വം പിന്നീട് പൊതുജീവിതത്തിലേക്കു കടന്നപ്പോള്‍ അടുത്തറിഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍