വയനാട്ടില്‍ രാഹുലിന്റെ വേറിട്ട പ്രചാരണം

മുക്കം: വയനാട് മണ്ഡലത്തില്‍ വേറിട്ട പ്രചാരണവുമായി യുഡിഎഫ് പ്രവര്‍ത്തകര്‍. കാര്‍, ഓട്ടോറിക്ഷ, ബൈക്കുകള്‍ തുടങ്ങിയവയില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുടെ സ്റ്റിക്കറുകള്‍ പതിപ്പിച്ചാണ് പെട്ടെന്ന് ശ്രദ്ധ നേടുന്ന പ്രചാരണം കൊഴുപ്പിക്കുന്നത്. വലിയ തുക മുടക്കിയാണ് കടകളിലെത്തി ഓരോരുത്തരും സ്വന്തം വാഹനത്തില്‍ സ്റ്റിക്കറുകള്‍ പതിപ്പിക്കുന്നത്. യുവാക്കള്‍ മാത്രമല്ല മുതിര്‍ന്നവരും ഇത്തരത്തില്‍ സ്റ്റിക്കറുകള്‍ പതിപ്പിക്കുന്നുണ്ട്. രാഹുല്‍ഗാന്ധിയെ കൂടാതെ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, സംസ്ഥാന യുഡിഎഫ് നേതാക്കളായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കുഞ്ഞാലിക്കുട്ടി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരുടെ ചിത്രങ്ങളുള്ള സ്റ്റിക്കറുകളാണ് പതിപ്പിക്കുന്നത്. ഇത്തരത്തില്‍ സ്റ്റിക്കര്‍ പതിപ്പിക്കുന്നതിന് ഒരു വാഹനത്തിന് ശരാശരി ആറായിരത്തോളം രൂപയാണ് ചെലവ് വരുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തിയതോടെ തങ്ങള്‍ക്ക് ഇതൊരു പ്രശ്‌നമല്ല എന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. ദിവസവും നിരവധി വാഹനങ്ങളാണ് സ്റ്റിക്കര്‍ പതിപ്പിക്കുന്നതിനായി കടകളില്‍ എത്തിക്കുന്നതെന്ന് കടക്കാരും പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍