കോടതിയലക്ഷ്യ കേസ്: രാഹുലിനു സുപ്രീംകോടതിയുടെ നോട്ടീസ്

 ന്യൂഡല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട ഉത്തരവിന്മേല്‍ വിവാദ പരാമര്‍ശം ഉന്നയിച്ച വിഷയത്തിലെ കോടതിയലക്ഷ്യ കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീംകോടതി നോട്ടീസയച്ചു. കേസില്‍ തന്റെ കക്ഷിയില്‍ നിന്നു വിശദീകരണം തേടുക മാത്രമേ ചെയ്തുള്ളുയെന്നും നോട്ടീസയച്ചിട്ടില്ലെന്നും രാഹുലിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്‌വി ചൂണ്ടിക്കാട്ടിയത് പരിഗണിച്ചാണ് കോടതിയുടെ നടപടി. കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ടു ഹാജരാകേണ്ടതില്ലെന്നു വ്യക്തമാക്കിയ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച്, കോടതിയലക്ഷ്യം ആരോപിച്ചുള്ള ഹര്‍ജി റഫാല്‍ കേസിലെ പുനഃപരിശോധന ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കുമെന്നും അറിയിച്ചു. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട ഉത്തരവിന്മേല്‍ സുപ്രീം കോടതിയെ ഉദ്ധരിച്ചു നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ ഖേദം അറിയിച്ച് രാഹുല്‍ ഗാന്ധി തിങ്കളാഴ്ച സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍, ഇതു പരിശോധിക്കാതെയാണ് ഇന്നലെ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വാദം കേട്ടത്. എന്നാല്‍, രാഹുലിന്റെ ഖേദ പ്രകടനം വെറും വായിട്ടടി മാത്രമാണെന്നും അതിനാല്‍ ഖേദ പ്രകടനം തള്ളിക്കളയണമെന്നും കോടതിയലക്ഷ്യം ആരോപിച്ചു ഹര്‍ജി നല്‍കിയ ബിജെപി എംപി മീനാക്ഷി ലേഖിക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി ആവശ്യപ്പെട്ടു. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷന്‍ അമേഠി മുതല്‍ വയനാട് വരെ സുപ്രീം കോടതിയുടെ ഉത്തരവ് മുന്‍നിര്‍ത്തി കാവല്‍ക്കാരന്‍ കള്ളനാണെന്നു (ചൗക്കിദാര്‍ ചോര്‍ ഹേ) ആവര്‍ത്തിക്കുന്നു. എന്നിട്ടു സുപ്രീംകോടതിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ക്ക് ഖേദം പ്രകടിപ്പിച്ചതു ബ്രാക്കറ്റിലിട്ടുള്ള പ്രസ്താവനയാണ് സമര്‍പ്പിച്ചതെന്നും ഇക്കാര്യത്തില്‍ വിശദീകരണം തേടണമെന്നും റോഹ്തഗി ആവശ്യപ്പെട്ടു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍