പാകിസ്ഥാന്റെ പുല്‍വാമ ആക്രമണം മോദിയെ സഹായിക്കാനെന്ന് കേജ്‌രിവാള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ആധികാരത്തില്‍ വരുന്നതായിരിക്കും നല്ലതെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പ്രസ്ഥാവനയ്‌ക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ രംഗത്തെത്തി. മോദിയെ സഹായിക്കാനാണോ തിരഞ്ഞെടുപ്പിന് മുമ്പ് പാകിസ്ഥാന്‍ പുല്‍വാമയില്‍ ആക്രമണം നടത്തിയതെന്ന് കേജ്‌രിവാള്‍ ചോദിച്ചു. ''ഇമ്രാന്‍ ഖാന്‍ മോദിയെ പിന്തുണയ്ക്കുകയാണ്. അതിനാല്‍, അവരുമായി മോദിക്ക് ഒരു രഹസ്യ ധാരണയുണ്ടെന്നുള്ള കാര്യമാണ് വ്യക്തമായിരിക്കുന്നത്. മോദിയെ സഹായിക്കാനാണോ തിരഞ്ഞെടുപ്പിന് മുമ്പ് അവര്‍ ഫെബ്രുവരി 14ന് നമ്മുടെ 40 സി.ആര്‍.പി.എഫ് ജവാന്മാരെ അവര്‍ കൊലപ്പെടുത്തിയതെന്ന് എല്ലാവരും ചോദിക്കുന്നു'' കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. ഇന്ത്യയില്‍ ബി.ജെ.പി സര്‍ക്കാര്‍ വരുന്നതായിരിക്കും നല്ലതെന്ന ഇമ്രാന്‍ ഖാന്റെ പ്രസ്താവനക്കെതിരെ ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കളും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത് കശ്മീര്‍ വിഷയത്തില്‍ പ്രശ്‌നപരിഹാരത്തിന് സഹായകരമാകില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്കു നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രതികരിച്ചത്. നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നാല്‍ മാത്രമേ പാകിസ്ഥാനുമായുള്ള സമാധാന ചര്‍ച്ചകള്‍ നടക്കാന്‍ ഇടയുള്ളൂ എന്നും ഇമ്രാന്‍ പറഞ്ഞിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍