തെരഞ്ഞെടുപ്പ് ബോണ്ട്: സംഭാവനയുടെ വിവരങ്ങള്‍ അറിയിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ബോണ്ട് വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ലഭിക്കുന്ന സംഭാവനയുടെ കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്ന് സുപ്രീംകോടതി. മുദ്രവച്ച കവറില്‍ വിവരങ്ങള്‍ അറിയിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. സിപിഎമ്മും സന്നദ്ധ സംഘടനകളും നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. മേയ് 15 വരെ രാഷ്ട്രീയ പാര്‍ട്ടികള്‍ വാങ്ങുന്ന സംഭാവനകള്‍ മേയ് 30നകം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു. ഈ രേഖകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സൂക്ഷിച്ചുവയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴി ലഭിക്കുന്ന സംഭവനകള്‍ക്ക് രഹസ്യമായി സുക്ഷിക്കണമെന്നും ഇത് വെളിപ്പെടുത്താനാവില്ലെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയെ അറിയിച്ചു. സംഭാവന വാങ്ങിയ പാര്‍ട്ടി പരാജയപ്പെടുന്ന സാഹചര്യത്തിലേക്ക് പോയാല്‍ അവര്‍ക്കു നേരെ വിമര്‍ശനങ്ങള്‍ ഉണ്ടാകാനും സാധ്യയുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. രാഷ്ട്രീയ കക്ഷികള്‍ക്ക് കള്ളപ്പണം എത്തുന്നത് തടയാനാണ് 2017ല്‍ തെരഞ്ഞെടുപ്പ് ബോണ്ട് കൊണ്ടുവന്നതെന്നും അറ്റോര്‍ണി ജനറല്‍ വാദിച്ചു. എന്നാല്‍ ഇത് കോപ്പറേറ്റുകളെ സഹായിക്കാനാണെന്ന് സിപിഎമ്മും സന്നദ്ധ സംഘടനകളും കോടിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ കോടിക്കണക്കിന് രൂപയാണ് രഹസ്യമായി രാഷ്ട്രീയ കക്ഷികളുടെ അക്കൗണ്ടിലെത്തുന്നതെന്നും ഇതില്‍ 95 ശതമാനവും ഭരണകക്ഷിക്കാണ് ലഭിക്കുന്നതെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചിരുന്നു. ഹര്‍ജിയില്‍ കോടതി വീണ്ടും വാദം കേള്‍ക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍