വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് വേണം: പിണറായി വിജയന്‍

കുറ്റ്യാടി: വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യാത്ത നിലപാടുള്ളവര്‍ക്ക് മാത്രമേ മതനിരപേക്ഷത സംരക്ഷിക്കാന്‍ കഴിയുകയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് പലപ്പോഴും വര്‍ഗീയതയോട് സമരസപ്പെടുന്ന നിലപാടാണ് എടുത്തത്. ഇതാണ് കോണ്‍ഗ്രസിന്റെ അപചയത്തിന് മുഖ്യ കാരണം. ബിജെപി രാജ്യത്ത് വര്‍ഗീയ ജ്വരം പടര്‍ത്തുമ്പോള്‍ അതിനു കരുത്തു പകരുകയാണ് കോണ്‍ഗ്രസ്. കേരളത്തില്‍ 18 ല്‍ കുടുതല്‍ സീറ്റ് എല്‍ഡിഎഫ് നേടുമെന്നും അദ്ദേഹം പറഞ്ഞു. കുറ്റ്യാടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇ കെ. വിജയന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എല്‍ജെഡി സംസ്ഥാന പ്രസിഡന്റ്എം.വി. ശ്രേയാംസ് കുമാര്‍, കെ.കെ. ദിനേശന്‍, ആര്‍. ശശി, മുക്കം മുഹമ്മദ്, എന്‍.കെ.സി. അബ്ദുള്‍ അസിസ്, കെ.കെ. ലതിക, കെ.പി. കുഞ്ഞമ്മത് കുട്ടി, എന്നിവര്‍ പ്രസംഗിച്ചു.
വര്‍ഗീയതയെ ചെറുക്കുന്നതില്‍ മറ്റാരേക്കാളും ഉറച്ച നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷത്തെ തകര്‍ക്കണമെന്ന തെറ്റായ സന്ദേശമാണ് വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം നല്‍കുന്നതെന്നു വടകരയില്‍ ഇടതുമുന്നണി പൊതുയോഗത്തില്‍ പിണറായി പറഞ്ഞു. കോണ്‍ഗ്രസിനും ബിജെപിക്കും ബദലായ ശക്തി കേന്ദ്രത്തില്‍ അധികാരത്തില്‍ വരികയാണ് വേണ്ടതെന്നും സാമ്പത്തിക നയത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒരേ നയമാണ് പിന്തുടരുന്നതെന്നും പിണറായി പറഞ്ഞു. എ.ടി. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, സി.കെ. നാണു എംഎല്‍എ, ഡോ. വര്‍ഗീസ് ജോര്‍ജ്, സി.എന്‍. ചന്ദ്രന്‍, എം. കേളപ്പന്‍, കാസിം ഇരിക്കൂര്‍, മനയത്ത് ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍