മിഷന്‍ ശക്തി പരീക്ഷണം: ഐഎസ്ആര്‍ഒയുമായി സഹകരണം റദ്ദാക്കി നാസ

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയുമായുള്ള സഹകരണം താത്കാലികമായി റദ്ദാക്കി നാസ. കഴിഞ്ഞ മാസം 27ന് ഇന്ത്യ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണമായ മിഷന്‍ ശക്തി വിജയകരമായി പൂര്‍ത്തിയാക്കിയതിനു പിന്നാലെയായിരുന്നു നാസയുടെ നടപടി. ഐഎസ്ആര്‍ഒയും നാസയും ചേര്‍ന്നുള്ള ഹ്യൂമന്‍ സ്‌പേസ് ഫ്‌ളൈറ്റ് വര്‍ക്കിംഗ് ഗ്രൂപ്പ് എന്ന പദ്ധതിയാണു നിര്‍ത്തിവച്ചതെന്നാണു റിപ്പോര്‍ട്ട്. ഒരാഴ്ചയ്ക്കുശേഷം നാസ സഹകരണം പുനസ്ഥാപിച്ചതായി സ്‌പേസ്‌ന്യൂസ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സഹകരണം നിര്‍ത്തിവയ്ക്കുന്നതു സംബന്ധിച്ച് മാര്‍ച്ച് 29ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രൈഡന്‍സ്റ്റീന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവനു കത്തെഴുതിയിരുന്നു. വൈറ്റ് ഹൗസില്‍നിന്നു ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നു കത്തില്‍ പറയുന്നു. ഇന്ത്യയുടെ മിസൈല്‍ പരീക്ഷണം 60 വലിയ അവശിഷ്ടങ്ങള്‍ ബഹിരാകാശത്തു സൃഷ്ടിച്ചെന്നും അവശിഷ്ടങ്ങളും മൊത്തം കണക്കെടുത്താല്‍ അത് 400ന് അടുത്തുവരുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. ഇതില്‍തന്നെ 24 എണ്ണം ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷന്റെ ഉയരത്തിലാണുള്ളത്. ഇത് ഭീകരമായ അവസ്ഥയാണെന്നു ബ്രൈഡന്‍സ്റ്റീന്‍ കത്തില്‍ പറയുന്നു.അതേസമയം, നാസയും ഇസ്രോയും സഹകരിക്കുന്ന ചാന്ദ്രയാന്‍2ന്റെ കാര്യത്തില്‍ എന്തെങ്കിലും മാറ്റമുണ്ടായോ എന്നു വ്യക്തമല്ല. ഇതു സംബന്ധിച്ചു കത്തില്‍ പരാമര്‍ശമില്ലെന്നാണു റിപ്പോര്‍ട്ട്. കാലാവധി പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ഉപഗ്രഹത്തെ ഡിആര്‍ഡിഒ നിര്‍മിച്ച ബാലിസ്റ്റിക് ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ ഉപയോഗിച്ചു തകര്‍ക്കുന്നതായിരുന്നു മിഷന്‍ ശക്തി. ഭൗമോപരിതലത്തില്‍നിന്ന് 300 കിലോമീറ്റര്‍ ഉയരത്തില്‍, മൂന്നു മിനിറ്റിനുള്ളില്‍ ഉപഗ്രഹത്തെ ബഹിരാകാശത്തുവച്ച് മിസൈല്‍ തകര്‍ത്തു. കൈനറ്റിക് കില്‍ വിഭാഗത്തിലുള്ള, സ്‌ഫോടക ശേഖരമില്ലാത്ത മിസൈലാണ് ദൗത്യത്തിനായി ഉപയോഗിച്ചത്. ശബ്ദത്തേക്കാള്‍ വേഗത്തില്‍ കുതിച്ച് ഉപഗ്രഹത്തിലേക്ക് ഇടിച്ചുകയറി തകര്‍ക്കുകയാണ് കൈനറ്റിക് കില്‍ മിസൈലുകളുടെ രീതി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍