കാര്‍ഷിക പ്രതിസന്ധിയും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും: രാഹുല്‍ ഗാന്ധി

ബത്തേരി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നു വിഷയങ്ങളാണ് വോട്ടര്‍മാരെ സ്വാധീനിക്കുകയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാര്‍ഷിക പ്രതിസന്ധിയും അഴിമതിയും സാമ്പത്തിക മേഖലയുടെ തകര്‍ച്ചയുമാണ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുക അദ്ദേഹം പറഞ്ഞു. വയനാട് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍. വാഗ്ദാനം ചെയ്ത തൊഴില്‍ നല്‍കാത്തതും അംബാനിക്ക് 30,000 കോടി നല്‍കിയതും തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയങ്ങളാകും. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതൊന്നും മനസിലാവില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. മോദിയുടെ അനില്‍ ഭായ് ആയതാണ് അംബാനിക്ക് റഫാല്‍ കരാറിനുള്ള യോഗ്യത. എന്നാല്‍ റഫാലില്‍ മോദിക്കെതിരായ പരാമര്‍ശത്തില്‍ സുപ്രീം കോടതി നോട്ടീസുമായി ബന്ധപ്പെട്ട ചോദ്യത്തിനു വിഷയം പഠിച്ചുവരികയാണെന്നായിരുന്നു രാഹുലിന്റെ മറുപടി. ഇന്ന് ബത്തേരിയില്‍ പൊതുയോഗത്തില്‍ രാഹുല്‍ പ്രസംഗിക്കുന്നുണ്ട്.തുടര്‍ന്ന് തിരുവമ്പാടി,വണ്ടൂര്‍ തുടങ്ങിയിടങ്ങളിലും പ്രസംഗിക്കും.4.10 ന് തൃത്താല ചാലിശ്ശേരി മുലയം പറമ്പ് ക്ഷേത്ര മൈതാനത്തെ പൊതു സമ്മേളനത്തിനുശേഷം 5.10 ന് കോയമ്പത്തൂര്‍ വഴി ന്യൂഡല്‍ഹിക്ക് മടങ്ങും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍