രാഹുലും പ്രിയങ്കയും ഇന്നു കോഴിക്കോട്ട്;

കോഴിക്കോട്: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നാളെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനായി എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നു കോഴിക്കോട്ട് എത്തും. രാഹുലിനെ ആനയിച്ച് റോഡ് ഷോ ഉള്‍പ്പെടെയുള്ള പ്രചാരണ പരിപാടികളാണ് കോണ്‍ഗ്രസ് ആസൂത്രണം ചെയ്യുന്നത്.ആസാമില്‍നിന്ന് പ്രത്യേക വിമാനത്തില്‍ രാത്രി 8.30ന് കരിപ്പൂരില്‍ എത്തുന്ന രാഹുല്‍, കാര്‍ മാര്‍ഗം കോഴിക്കോട് പിഡബ്ല്യുഡി റസ്റ്റ് ഹൗസിലെത്തും. രാഹുലിനൊപ്പം എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഉണ്ടാവും. തുടര്‍ന്ന് യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.നാളെ രാവിലെ കാര്‍ മാര്‍ഗം കരിപ്പൂരിലേക്കു പോകും. അവിടെനിന്ന് ഹെലികോപ്റ്ററില്‍ കല്‍പ്പറ്റയിലെത്താനാണ് സുരക്ഷാ വിഭാഗത്തിന്റെ നിര്‍ദേശം. നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച ശേഷം യുഡിഎഫ് സമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ കരിപ്പൂരിലെത്തി വൈകുന്നേരം ഡല്‍ഹിക്കു മടങ്ങും.രാഹുലിന്റെ വരവിനു മുന്നോടിയായി എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, കെ.സി. വേണുഗോപാല്‍, മുകുള്‍ വാസ്‌നിക്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ കോഴിക്കോട്ട് യോഗം ചേരുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍