പരസ്യത്തിലും മാര്‍ക്കറ്റിംഗിലും ബിജെപിയും മോദിയും മുന്നില്‍

ന്യൂഡല്‍ഹി: ഭരണത്തുടര്‍ച്ച ഉണ്ടായാലും ഇല്ലെങ്കിലും പരസ്യത്തിലും മാര്‍ക്കറ്റിംഗിലും ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്നില്‍. ഇന്റര്‍നെറ്റിലെ ഭീമനായ ഗൂഗിളിലെ പരസ്യത്തിലാണ് കോണ്‍ഗ്രസിനേക്കാള്‍ ബിജെപി ബഹുദൂരം മുന്നിലെത്തിയത്. മൊത്ത പരസ്യത്തിന്റെ വെറും 0.14 ശതമാനത്തോടെ ആറാം സ്ഥാനത്താണ് കോണ്‍ഗ്രസിന്റെ സ്ഥാനം. കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ ആദ്യ നാലു വര്‍ഷത്തില്‍ പരസ്യത്തിനു മാത്രം 4,353.26 കോടി രൂപ ചെലവഴിച്ചതായി നേരത്തെ വിവരാവകാശ രേഖ വെളിപ്പെടുത്തിയിരുന്നു. കടുത്ത പ്രതിസന്ധിയെത്തുടര്‍ന്നു രാജ്യത്താകെ ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ക്ക് കടാശ്വാസം നല്‍കാത്തപ്പോഴാണ് 2014 ജൂണ്‍ മുതല്‍ കഴിഞ്ഞ വര്‍ഷം മേയ് വരെ കേന്ദ്രസര്‍ക്കാര്‍ മോദി ചിത്രങ്ങളോടെ പരസ്യം ചെയ്യാന്‍ 4350 കോടിയിലേറെ രൂപ ചെലവഴിച്ചത്. 201415ല്‍ മാത്രം 953.54 കോടി രൂപയാണ് പ്രചാരണത്തിനായി ഖജനാവില്‍ നിന്നു ചെലവാക്കിയത്. രാജ്യത്താകെ ഗൂഗിളിലും യൂട്യൂബിലും മറ്റുമായി നടത്തിയ രാഷ്ട്രീയ പരസ്യങ്ങളിലാണ് ഏറെക്കാലം രാജ്യം ഭരിച്ച കോണ്‍ഗ്രസിനെ ബിജെപി ബഹുദൂരം പിന്നിലാക്കിയത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ മാത്രം ബിജെപി 1.21 കോടി രൂപ ഇന്റര്‍നെറ്റ് പരസ്യങ്ങള്‍ക്കായി ചെലവാക്കിയപ്പോള്‍ കോണ്‍ഗ്രസിന് അര ലക്ഷത്തിലേറെ (54,100 രൂപ) മാത്രമാണുള്ളത്. 
ഫെബ്രുവരിക്കു ശേഷം മൊത്തം 3.76 കോടി രൂപ രാഷ്ട്രീയ പരസ്യങ്ങളില്‍ നിന്ന് ഗൂഗിളിനും അനുബന്ധ സ്ഥാപനങ്ങള്‍ക്കും കിട്ടിയതായി ഗൂഗിളിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. 
ആന്ധ്രപ്രദേശിലെ തെലുങ്കുദേശം പാര്‍ട്ടിയാണ് ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തുക ചെലവാക്കിയത് 1.48 കോടി രൂപ. ബിജെപി 1.21 കോടി, ആന്ധ്രയിലെ തന്നെ വൈഎസ്ആര്‍ കോണ്‍ഗ്രസ് 1.04 കോടി, കോണ്‍ഗ്രസ് 53,100 രൂപ എന്നിങ്ങനെയാണ് ചെലവാക്കിയത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍