രണ്ട് വിയോഗങ്ങള്‍

ടി.എം. അബൂബക്കര്‍ ഐ.പി.എസ് (റിട്ട)

ഇക്കഴിഞ്ഞ ആഴ്ചയില്‍ ഈ മലയാളക്കര നാടിനും സമൂഹത്തിനും ഒരുപാട് സംഭാവനകളര്‍പ്പിച്ച രണ്ട് പ്രമുഖ വ്യക്തികളുടെ വിയോഗത്തിന് സാക്ഷ്യം വഹിച്ചു. കെ.എം.മാണി എന്ന മാണിച്ചായന്റേയും ഡോ.ഡി.ബാബുപോളിന്റേയും. രാജ്യത്തെ ശരാശരി പുരുഷായുസ്സും കടന്ന് പിന്നെയും ജീവിതയാത്രയില്‍ ഒരുപാട് മുന്നേറിയവരാണിരുവരും. അതുകൊണ്ട് തന്നെ അവരുടെ മരണത്തെ അകാലചരമം എന്ന ഗണത്തില്‍ പെടുത്താനൊക്കില്ല എന്നത് കൂടി കണക്കിലെടുത്ത് തന്നെ പറയട്ടെ ഇരുവരുടെയും വിയോഗം സമൂഹത്തിന് താല്‍ക്കാലികമായെങ്കിലും ഒരു നഷ്ടം തന്നെയാണ്. കെ.എം.മാണി തനി രാഷ്ട്രീയക്കാരനായിരുന്നു. രാഷ്ട്രീയത്തിലെ എല്ലാ കളികളും പഠിച്ച് പയറ്റിത്തെളിഞ്ഞ നേതാവ്. അപ്പോള്‍ പിന്നെ സ്വാഭാവികമായും പ്രശംസിക്കാനും അതുപോലെ തന്നെ ഇകഴ്ത്താനും ധാരാളം ആളുകളുണ്ടാവും. നമ്മുടെ രാഷ്ട്രീയ രംഗത്ത് അതൊക്കെ പതിവു രീതികളുമാണല്ലോ. എന്നാല്‍ ഒരു കാര്യം ഉറക്കെ പറയാം. അദ്ദേഹത്തെപ്പറ്റി ആരെന്തു പറഞ്ഞാലും ആളൊരു സംഭവം തന്നെയായിരുന്നു. തന്റെ തൊഴില്‍രംഗത്ത് അടിസ്ഥാനപരമായി അഭിഭാഷകനെന്ന നിലയിലും പിന്നീടൊരു രാഷ്ട്രീയക്കാരനും ഭരണകര്‍ത്താവുമെന്ന നിലയിലും. അല്ലെങ്കില്‍ എത്രതന്നെ വ്യക്തിപരമായ സൗഭാഗ്യങ്ങളുണ്ടായാലും നമ്മുടെ നാട്ടില്‍ ഈ രാഷ്ട്രീയക്കാരന് നീണ്ട അരനൂറ്റാണ്ടുകാലത്തിലധികം എം.എല്‍.എആയും കാല്‍നൂറ്റാണ്ടുകാലം സംസ്ഥാന മന്ത്രിയായും സംസ്ഥാനത്തിന്റെ 12 മന്ത്രിസഭകളില്‍ അംഗമായും അതില്‍ തന്നെ 12 വര്‍ഷത്തോളം ധനമന്ത്രിയായും 21 വര്‍ഷം നിയമമന്ത്രിയായും അരങ്ങുവാഴാനൊക്കില്ലായിരുന്നല്ലോ. വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടി എന്ന് സ്വന്തം പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസ്സിനെ വിശേഷിപ്പിച്ചത് കെ.എം.മാണി തന്നെയായിരുന്നു. ആ പാര്‍ട്ടിയുടെ സ്ഥാപകനായ കെ.എം.ജോര്‍ജിനും പിന്നീട് വന്ന പി.ടി.ചാക്കോയ്ക്കും ശേഷം കേരളാ കോണ്‍ഗ്രസ്സില്‍ ശരവേഗത്തിലുയര്‍ന്നു വന്ന കെ.എം.മാണി എന്ന നേതാവ് പാര്‍ട്ടി ചെയര്‍മാനായിരിക്കെയാണ് പാര്‍ട്ടിയില്‍ ഇപ്പറഞ്ഞതുപോലെ ബാലകൃഷ്ണപ്പിള്ളയും ടി.എം.ജേക്കബ്ബും പി.ജെ.ജോസഫുമൊക്കെ പിളര്‍പ്പിന്റെ വക്താക്കളായി അവതരിച്ചതും പല ഗ്രൂപ്പുകളായി അവര്‍ കേരളാ കോണ്‍ഗ്രസ്സിനെ വീതം വെച്ചതും. എന്നാല്‍ സാക്ഷാല്‍ കെ.എം.മാണി ആലങ്കാരികമായി പറഞ്ഞതുപോലെ മാണിയുടെ കേരളാ കോണ്‍ഗ്രസ്സ് തളരാതെ നില്‍ക്കുകയും വളരുകയും ചെയ്തു എന്നതാണ് വസ്തുത. പി.ജെ.ജോസഫും കൂട്ടരും പിന്നീട് തിരിച്ചു വരികയും ചെയ്തു.
ധനമന്ത്രിയെന്ന നിലയില്‍ സംസ്ഥാനത്തെ ജനതയുടെ സാമൂഹ്യ സാമ്പത്തിക വളര്‍ച്ചക്കും ക്ഷേമത്തിനുമുതകുന്ന പല നടപടികള്‍ക്കും അദ്ദേഹം തന്റെ സംസ്ഥാന ബജറ്റുകള്‍ വഴി തുടക്കം കുറിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്തിട്ടുണ്ട്. അതില്‍ ഏറെ എടുത്തുപറയാവുന്ന ഒന്നാണ് സംസ്ഥാന ലോട്ടറി വകുപ്പ് നടപ്പാക്കിയ കാരുണ്യനിധി. അങ്ങിനെ ഏതു വഴിക്കെടുത്തു നോക്കിയാലും കഴിവുറ്റ,ജനങ്ങളോട് പ്രതിബന്ധതയുള്ള ഒരു നേതാവായിരുന്നു അദ്ദേഹം. എന്നാല്‍ ഇങ്ങിനെയൊക്കെയായിട്ടും ബാര്‍ക്കോഴ കേസ്സിന്റെ കരിനിഴലും അദ്ദേഹത്തിന്റെ മേല്‍ വീണു. കെ.എം.മാണിയെ പഠിച്ചവര്‍ക്കും അറിഞ്ഞവര്‍ക്കും സാമാന്യ ജനത്തിനും ഒരുത്ഭുതം തന്നെയായിരുന്നു എങ്ങിനെ കെ.എം.മാണി എന്ന രാഷ്ട്രീയ ചാണക്യന്‍ അതില്‍ കുറ്റാരോപിതനായി എന്നത്. ഏതായാലും കേരള രാഷ്ട്രീയത്തില്‍ മാണിക്കു പകരം മറ്റൊരു മാണി ഇല്ല, അഥവാ ഉണ്ടാവില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇനി ഡോ.ഡി.ബാബുപോളിനെപറ്റി. മനുഷ്യത്വം തൊട്ടുതീണ്ടാത്ത ഉദ്യോഗസ്ഥന്മാരുണ്ടോ എന്നു ചോദിച്ചാല്‍ ഈ കുറിപ്പുകാരന്‍ പറയും ധാരാളം ഉണ്ടെന്ന്. എന്നാല്‍ നമ്മുടെ സിവില്‍ സര്‍വ്വീസില്‍ അതിലും ധാരാളമായി മനുഷ്യത്ത്വത്തിന്റെ മൂര്‍ത്തിമത്ത് ഭാവങ്ങളുമുണ്ടായിട്ടുണ്ട്. അവരില്‍ എണ്ണം പറയാവുന്ന ഒരു മഹാനായിരുന്നു ഡോ.ബാബുപോള്‍.ഐ.എ.എസ്. അധികാരത്തിന്റെ ഉന്നതശ്രേണിയില്‍ നില്‍ക്കുമ്പോഴും വിനയം മുഖമുദ്രയാക്കിയ മനുഷ്യപ്പറ്റുള്ള ഉദ്യോഗസ്ഥന്‍. ചിന്തയുടെയും സാഹിത്യത്തിന്റേയുമൊക്കെ അസ്‌കിതയുണ്ടായിരുന്നെങ്കിലും തന്റെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തെ അതൊന്നും ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അങ്ങിനെ ദശകങ്ങളോളം നീണ്ട വിജയകരമായ ഔദ്യോഗിക പര്‍വ്വം പിന്നിട്ട് എഴുത്തിന്റെയും പ്രഭാഷണത്തിന്റെയുമൊക്കെ വഴിയില്‍ വീണ്ടും ഒരു വ്യാഴവട്ടക്കാലം. ഇതരമതസ്ഥരെക്കൂടി സ്‌നേഹിച്ച, അവരോടെക്കെ സഹിഷ്ണതയോടെ സംവദിച്ച ഒരു നല്ല സത്യക്രിസ്ത്യാനികൂടിയായിരുന്നു അദ്ദേഹം. അദ്ദേഹമിതാ ഇപ്പോള്‍ തന്റെ 78-ാം പിറന്നാള്‍ പിറ്റേന്ന് എന്നന്നേക്കുമായി യാത്രയായിരിക്കുന്നു. ഡോ.ബാബുപോളിന്റെ മനസ്സും ഹൃദയവും വികാരവിചാരങ്ങളും വായിച്ചെടുക്കാന്‍ ഇതാ ചില നുറുങ്ങുകള്‍: അവസാന കാലത്ത് തനിയെ ജീവിച്ചപ്പോള്‍ തനിക്ക് കൊണ്ടുവന്നിരുന്ന ഭക്ഷണത്തില്‍ നിന്നും ഇഷ്ടമുള്ളത് അല്‍പം എടുത്ത് ബാക്കി സഹായിയായ അജിത്തിന് വെക്കുമായിരുന്നു. പിന്നീടദ്ദേഹത്തിന് സ്വയം തിരിച്ചറിവുണ്ടായി സ്വയം ഇഷ്ടപ്പെട്ടതാണ് ദാനം യ്യേണ്ടതെന്ന്.അതിനാല്‍ രീതി മാറ്റി. സഹായിക്ക് വേണ്ടത് എടുത്ത് ബാക്കി തനിക്ക് മതി എന്നാക്കി. താന്‍ മരണപ്പെട്ടാല്‍ വില കൂടിയ ശവപ്പെട്ടിയില്‍ അടക്കം ചെയ്യരുതെന്നും സംസ്‌ക്കാരചടങ്ങുകള്‍ ലളിതമായിരിക്കണമെന്നും അദ്ദേഹം ഒസ്യത്ത് എഴുതി വെച്ചിരുന്നുവത്രേ. അതുപോലെ അവശനായാല്‍ അധികനേരം ഐ.സി.യുവില്‍ കിടത്തരുതെന്നും. താന്‍ വകുപ്പ് സെക്രട്ടറിയായിരിക്കേ എത്ര ഉദേശിച്ചിട്ടും നീതിരഹിതമായ ഉത്തരവിറക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ച ഫയലില്‍ അദ്ദേഹമെഴുതി 'ഈ രക്തത്തില്‍ എനിക്ക് പങ്കില്ല, ഉത്തരവിറക്കുക' എന്ന്. അതെ ഇതൊക്കെയായിരുന്നു ബാബുപോള്‍ എന്ന മഹത്‌വ്യക്തിത്തം.അദ്ദേഹവുമിതാ സമയമാം രഥത്തില്‍ അന്ത്യയാത്ര ചെയ്തിരിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍