ഇപേമെന്റ്: മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന് വാട്‌സാപ്

ബംഗളൂരു: ഇപേമെന്റ് സേവനങ്ങള്‍ രാജ്യത്ത് ആരംഭിക്കുന്നതിന് ആര്‍ബിഐ മുന്നോട്ടുവച്ച നിബന്ധനങ്ങള്‍ പാലിക്കാന്‍ വാട്‌സ്ആപ് തയാറായതായി റിപ്പോര്‍ട്ടുകള്‍. നിബന്ധനങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാരും ആര്‍ബിഐയും തയാറാകാത്തതിനെത്തുടര്‍ന്നാണ് കമ്പനി നിബന്ധനങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ പൂര്‍ണമായും ഇന്ത്യയില്‍ത്തന്നെയുള്ള സെര്‍വറില്‍ സൂക്ഷിക്കണമെന്ന നിര്‍ദേശത്തെയാണ് പ്രധാനമായും വാട്‌സ്ആപ് ഉള്‍പ്പെടെയുള്ള വിദേശ കമ്പനികള്‍ എതിര്‍ത്തിരുന്നത്. എന്നാല്‍, വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്ന് ആര്‍ബിഐ അറിയിച്ചതോടെ വിദേശകമ്പനികള്‍ സെര്‍വര്‍ ഇന്ത്യയില്‍ സ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിക്കുകയായിരുന്നു. വാട്‌സ്ആപ് തങ്ങളുടെ ഇ പേമെന്റ് സര്‍വീസ് ആയ 'വാട്‌സ്ആപ് പേ'യ്ക്കു വേണ്ടി ഇന്ത്യയില്‍ സ്ഥാപിച്ച സെര്‍വറില്‍ ഇന്ത്യന്‍ ഉപയോക്താക്കളുടെ വിവരങ്ങളുടെ കോപ്പി മാത്രമാണ് സൂക്ഷിക്കുന്നതെന്നും യഥാര്‍ഥ വിവരങ്ങള്‍ വിദേശത്തുതന്നെയാണ് സൂക്ഷിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വാട്‌സ്ആപ്പിന് അനുമതി നല്‍കാനാവില്ലെന്ന് ആര്‍ബിഎ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പുതിയ സെര്‍വറില്‍ കോപ്പികള്‍ അല്ല യഥാര്‍ഥ വിവരങ്ങള്‍ തന്നെ സൂക്ഷിക്കുമെന്നാണ് വാട്‌സ്ആപ്പിനോടടുത്ത വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഇതിന്റെ ഏതാനും ചില എന്‍ജിനിയറിംഗ് വര്‍ക്കുകള്‍ കൂടിയേ പൂര്‍ത്തിയാക്കാനുള്ളൂ എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍