വീസ തട്ടിപ്പ്: നാലുപേരെ അറസ്റ്റ് ചെയ്തു

തൃശൂര്‍: കാനഡയിലേക്കു വീസ വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ ഇതര സംസ്ഥാനക്കാരുള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. പറവട്ടാനി പുളിങ്കുഴി സ്വദേശി സന്തോഷ് (53), മരുമകന്‍ രതീഷ്, ചണ്ഡിഗഡ് സ്വദേശി സുഖ്ജിത് സിംഗ് (32), പഞ്ചാബ് ലുധിയാന സ്വദേശി ശിവകുമാര്‍ (38) എന്നിവരെയാണു മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
കാനഡയിലേക്കു വീസ നല്‍കാമെന്നു പറഞ്ഞ് നിരവധിയാളുകളില്‍നിന്നായി പതിനായിരം മുതല്‍ ആറു ലക്ഷം രൂപ വരെ ഇവര്‍ തട്ടിയെടുത്തതായാണു കേസ്. 30 പരാതികളാണു പൊലീസിനു ലഭിച്ചിരിക്കുന്നത്. പരാതിക്കാരില്‍നിന്നായി 50 ലക്ഷത്തോളം രൂപ പ്രതികള്‍ തട്ടിയതായി പോലീസ് പറഞ്ഞു. ഏഴു മാസത്തിനിടെയാണു തട്ടിപ്പ് നടന്നിരിക്കുന്നത്.
പറവട്ടാനിയിലെ മാസ് കെയര്‍ ഇന്റര്‍ നാഷണല്‍ എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്. വീസ ആവശ്യപ്പെട്ട് എത്തുന്നവരില്‍നിന്ന് രേഖകള്‍ വാങ്ങി സ്വകാര്യ ബാങ്കില്‍ അക്കൗണ്ട് എടുപ്പിച്ച ശേഷം രേഖകളും എടിഎം കാര്‍ഡുകളും ഇവര്‍ വാങ്ങിവയ്ക്കുകയായിരുന്നു. ഇവരുടെ ഓഫീസില്‍നിന്ന് 20 പാസ്‌പോര്‍ട്ടുകളും പൊലീസ് പിടിച്ചെടുത്തു. വീസയാവശ്യത്തിന് എത്തുന്നവരെ കാനഡ സ്വദേശികളെന്നു പരിചയപ്പെടുത്തിയിരുന്നത് സുഖ്ജിത് സിംഗിനെയും ശിവകുമാറിനെയുമാണ്. തിരുവനന്തപുരത്തും സമാനമായ തട്ടിപ്പ് നടത്തിയതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
മണ്ണുത്തി സിഐ എം. ശശീന്ദ്രന്‍ പിള്ളയുടെ നേതൃത്വത്തില്‍ എസ്‌ഐ പി.എം. രതീഷ്, എഎസ്‌ഐ രാധാകൃഷ്ണന്‍, വേണുഗോപാല്‍, വനിതാ സിപിഒ പ്രിയ, സിപിഒമാരായ രാജേഷ്, അനില്‍കുമാര്‍ എന്നിവരാണു പ്രതികളെ പിടികൂടിയത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍