ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് മായാവതി

സഹാരന്‍പുര്‍: ആളുകള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കുന്ന ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയം രുചിക്കുമെന്നു ബിഎസ്പി അധ്യക്ഷ മായാവതി. ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷ സഖ്യത്തിന്റെ റാലിയെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍. ജയിക്കാനല്ല, വോട്ടുകള്‍ ഭിന്നിപ്പിക്കാനാണു കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ബിജെപിയും കോണ്‍ഗ്രസും മാറി ഭരിച്ചിട്ടും തെറ്റായ ഭരണനയങ്ങളാണ് അവര്‍ നടപ്പാക്കിയത്. വാഗ്ദാനങ്ങള്‍ മാത്രം നല്കി ബിജെപി ഭരിച്ചു. ദരിദ്രരുടെ ഉന്നമനമായിരുന്നു പ്രധാനമന്ത്രി മോദിയുടെ ലക്ഷ്യമെങ്കില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ അഞ്ചുവര്‍ഷംകൊണ്ട് നടപ്പാക്കേണ്ട സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളെല്ലാം ഒരുമിച്ചു നടപ്പാക്കാന്‍ തീരുമാനമെടുക്കില്ലായിരുന്നു. മഹാസഖ്യം അധികാരത്തിലെത്തുമെന്നായപ്പോള്‍ ആളുകളെ ഭയപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്. വെറുപ്പിന്റെ രാഷ്ട്രീയം പരാജയപ്പെടും. വലിയതും ചെറിയതുമായ ചൗക്കിദാര്‍മാരുടെ പ്രചാരണവും ഫലം കാണില്ല. മഹാസഖ്യം അധികാരത്തിലെത്തിയാല്‍ അഭ്യസ്തവിദ്യരായ തൊഴിലില്ലാത്ത യുവാക്കള്‍ക്ക് ആദ്യം ജോലി നല്കുമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. യുപിയില്‍ ഏപ്രില്‍ 11നാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍