ഇമ്രാന്‍ ഖാന്റെ പരാമര്‍ശത്തിനു പിന്നില്‍ കോണ്‍ഗ്രസ്; ആരോപണവുമായി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: ബിജെപി വീണ്ടും അധികാരത്തില്‍ വരണമെന്ന പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പരാമര്‍ശത്തിനു പിന്നില്‍ കോണ്‍ഗ്രസാണെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. പ്രസ്താവനയ്ക്കു പിന്നില്‍ കോണ്‍ഗ്രസ് ഗൂഡാലോചനയുണ്ടോയെന്നു സംശയിക്കുന്നതായും അവര്‍ പറഞ്ഞു. മോദിയെ പുറത്താന്‍ പാകിസ്ഥാനില്‍നിന്നു സഹായം തേടാറുള്ളത് കോണ്‍ഗ്രസ് ആണെന്നും ഈ പ്രസ്താവനയ്ക്കു പിന്നിലും അവര്‍ തന്നെയാണോയെന്നു സംശയിക്കണമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. 'എങ്ങനെയാണ് ഇത്തരം പ്രസ്താവനകള്‍ വരുന്നതെന്ന് എനിക്കറിയില്ല. കോണ്‍ഗ്രസിന്റെ പല പ്രമുഖ നേതാക്കളും മോദിയെ പുറത്താക്കാന്‍ സഹായം തേടി പാക്കിസ്ഥാനില്‍ പോയിട്ടുണ്ട്. ഇതും അത്തരമൊരു നീക്കത്തിന്റെ ഭാഗമാണോയെന്നു സംശയമുണ്ട്' എഎന്‍ഐയോട് പ്രതിരോധമന്ത്രി പറഞ്ഞു. കശ്മീര്‍ വിഷയത്തിലെ ഇന്ത്യ-പാക് ചര്‍ച്ചകളില്‍ പുരോഗതിയുണ്ടാവാന്‍ ബിജെപി അധികാരത്തില്‍ വരണമെന്നായിരുന്നു ഇമ്രാന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഏപ്രില്‍ 16നും 20നും ഇടയില്‍ പാകിസ്ഥാനെ ഇന്ത്യ ആക്രമിക്കുമെന്ന പാക് വിദേശമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷിയുടെ പ്രസ്താവനയേയും രൂക്ഷഭാഷയിലാണ് അവര്‍ വിമര്‍ശിച്ചത്. 'ഈ തീയതിയെല്ലാം അദ്ദേഹത്തിന് എവിടെനിന്നാണാവോ കിട്ടുന്നത്. എന്തായാലും ദൈവം രക്ഷിക്കട്ടെ. ദൈവത്തിനറിയാം ഇന്ത്യയില്‍നിന്ന് ആരാണ് അദ്ദേഹത്തിന് വിവരങ്ങള്‍ നല്‍കുന്നതെന്ന്' നിര്‍മല സീതാരാമന്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍