സ്വയം പ്രസ്ഥാനമായ വ്യക്തിയാണ് കെ.എം. മാണി: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

കടുത്തുരുത്തി: രാഷ്ട്രീയ പ്രസ്ഥാനങ്ങളിലൂടെ വളര്‍ന്ന് നേതാക്കളായവരും സ്വയം പ്രസ്ഥാനമായവരും കേരളത്തിലുണ്ട്. അങ്ങനെ സ്വയം പ്രസ്ഥാനമായവരുടെ കൂട്ടത്തിലെ ഒരാളാണ് കെ.എം. മാണിയെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പ്രത്യേയശാസ്ത്രങ്ങളെ അനുഗമിക്കുന്നതിനു പകരം സ്വന്തമായി ഒരു പ്രത്യയശാസ്ത്രം രൂപപ്പെടുത്തിയാളാണ് മാണി സാര്‍. മാണി സാറിനെപോലെ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ സാധ്യതകളെ ഏറ്റവും അധികം വിനിയോഗിച്ച മറ്റൊരാളുണ്ടാകുമോയെന്ന് സംശയമാണ്. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഇത്രയും വിശ്വാസം അര്‍പ്പിച്ച, സഭയുടെ നടപടിക്രമങ്ങളെയും രീതികളെയും ചട്ടങ്ങളെയും കീഴ് വഴക്കങ്ങളെയും ഇത്രയും ശക്തിയോടെ ഉപയോഗപ്പെടുത്താന്‍ ശ്രമിച്ച മറ്റൊരു വ്യക്തിയെ കണ്ടെത്തുക പ്രയാസമായിരിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. കെ.എം. മാണി ഏറ്റവും അവസാനമായി പങ്കെടുത്ത സമ്മേളനത്തില്‍പോലും സൂക്ഷ്മാര്‍ഥത്തില്‍ ഇടപെടല്‍ നടത്തി പാര്‍ലമെന്ററി ജനാധിപത്യത്തെ പുതുക്കി പണിയാന്‍ ഇടപെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ ചിട്ടകളെയും കീഴ്‌വഴക്കങ്ങളെയും അങ്ങേയറ്റം പാലിച്ചുകൊണ്ടും നിയമസഭയുടെ അന്തസും മാന്യതയും നിലനിര്‍ത്തിക്കൊണ്ടും സഭയുടെ ചുമതലകള്‍ മാണി സാര്‍ നിര്‍വഹിച്ചതായും അദ്ദേഹം പറഞ്ഞു. കേരള നിയമസഭയുടെ അനുഭവങ്ങളുടെ ഈ സൂര്യതേജസ് വിടവാങ്ങിയത് പൊതുസമൂഹത്തിനും നിയമസഭയ്ക്കും ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. കടുത്തുരുത്തിയിലെത്തി അന്തിമോപചാരമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു നിയമസഭാ സ്പീക്കര്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍