രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

11 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായി 95 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 11 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായി 95 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് വൈകിട്ട് ആറുവരെ തുടരും. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, കേന്ദ്രമന്ത്രിമാരായ ഡി.വി. സദാനന്ദ ഗൗഡ, ജിതേന്ദ്ര സിംഗ്, മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിമാരായ സുശീല്‍കുമാര്‍ ഷിന്‍ഡെ, അശോക് ചവാന്‍, മുന്‍ കര്‍ണാടക മുഖ്യമന്ത്രി വീരപ്പ മൊയ്‌ലി തുടങ്ങിയവരാണ് ഇന്നു ജനവിധി തേടുന്ന പ്രമുഖര്‍. രണ്ടാം ഘട്ടത്തില്‍ 97 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍, കണക്കില്‍പ്പെടാത്ത പണം പിടികൂടിയതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടിലെ വെല്ലൂരില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി. ക്രമസമാധാന പ്രശ്‌നങ്ങളുള്ള ത്രിപുര ഈസ്റ്റ് മണ്ഡലത്തിലെ വോട്ടെടുപ്പ് മൂന്നാം ഘട്ടത്തിലേക്കു മാറ്റി. തമിഴ്‌നാട്ടില്‍ 38 മണ്ഡലങ്ങളില്‍ ഇന്നു വോട്ടെടുപ്പ് നടക്കുന്നു. കര്‍ണാടക, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ആസാം, ബിഹാര്‍, ഒഡീഷ, ഛത്തീസ്ഗഡ്, പശ്ചിമബംഗാള്‍, കശ്മീര്‍, മണിപ്പുര്‍, പുതുച്ചേരി എന്നിവിടങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍