കൊച്ചി മെട്രോ വിവരങ്ങള്‍ ഗൂഗിള്‍ മാപ്പില്‍

കൊച്ചി: കൊച്ചി മെട്രോ സര്‍വീസ് വിവരങ്ങള്‍ ഇനി ഗൂഗിള്‍ മാപ്പിലും. പൊതുഗതാഗത സംവിധാനവുമായി മെട്രോയെ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗൂഗിള്‍ മാപ്പില്‍ മെട്രോ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മെട്രോ സ്റ്റേഷനുകള്‍, റൂട്ട്, ടൈമിംഗ്, നിരക്ക് തുടങ്ങിയ വിവരങ്ങളാണ് ഗൂഗിള്‍ മാപ്പില്‍ ലഭ്യമാക്കിയിട്ടുള്ളത്.
മറൈന്‍ ഡ്രൈവില്‍നിന്ന് ആലുവയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന യാത്രക്കാരന്‍ ഗൂഗിള്‍ മാപ്പിലൂടെ റൂട്ട് സേര്‍ച്ച് ചെയ്താല്‍ അടുത്തുള്ള മെട്രോ സ്റ്റേഷനില്‍നിന്ന് ആലുവയിലേക്കുള്ള റൂട്ടും സമയവും ദൂരവും ലഭിക്കും.
മറൈന്‍ ഡ്രൈവിനോട് ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷനുകളായ മഹാരാജാസ്, എംജി റോഡ് സ്റ്റേഷനുകളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നതിനുള്ള വഴി, ദൂരം, എത്തിച്ചേരാനെടുക്കുന്ന സമയം, മെട്രോ സ്റ്റേഷനില്‍നിന്ന് ആലുവയിലേക്ക് പോകുന്ന ട്രെയിനിന്റെ വിവരം, നിരക്ക്, ഓരോ സ്റ്റേഷനിലും ട്രെയിന്‍ എത്തിച്ചേരുന്ന സമയം, അവിടെനിന്ന് എങ്ങോട്ടാണോ പോകേണ്ടത് അവിടേക്കുള്ള റൂട്ട് മാപ്പ്, സഞ്ചരിക്കാനെടുക്കുന്ന ദൂരവും സമയവും തുടങ്ങിയ കാര്യങ്ങള്‍ ഗൂഗിള്‍ മാപ്പ് വഴി ലഭിക്കും. മെട്രോ സേവനങ്ങളുടെ വിവരങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ ലഭ്യമാകുന്നതോടെ കൊച്ചി മെട്രോ കൂടുതല്‍ ജനകീയമാകുമെന്ന് കെഎംആര്‍എല്‍ എംഡി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍