സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ ഉത്തമ പൗരന്മാരായി വളരും: ബെഹ്‌റ

 തിരുവനന്തപുരം: സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്ക് ലഭിക്കുന്ന പരിശീലനം സമൂഹത്തില്‍ ഉത്തമ പൗരന്മാരായി വളരാന്‍ പ്രേരണ നല്‍കുന്നതാണെന്നും ജീവിതത്തിലുടനീളം അച്ചടക്കം പാലിക്കുന്നത് ജീവിതവിജയം നേടാന്‍ സഹായിക്കുമെന്നും പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ പറഞ്ഞു. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്കായുള്ള സംസ്ഥാനതല സമ്മര്‍ ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച് എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം.പാസിംഗ് ഔട്ട് പരേഡില്‍ കായംകുളം ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മുഹമ്മദ് ഫൈസല്‍ പരേഡ് കമാന്‍ഡറും തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആര്‍ഷ.എസ് സെക്കന്‍ഡ് ഇന്‍ കമാന്‍ഡറും ആയിരുന്നു. മികച്ച പ്ലാട്ടൂണ്‍ കമാന്‍ഡര്‍മാരായി ആലപ്പുഴ തിരുമല ദേവസ്വം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ശരത്.ജി, കോട്ടയം സെന്റ്.തെരേസാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഫെമി ആന്‍. ബിജു എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം എസ്.എം.വി മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അതുല്‍ എസ്.വിജയന്‍, കാര്‍മല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സുബ്ഹാന എന്നിവര്‍ നയിച്ച പ്ലാട്ടൂണുകള്‍ മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടു. 300 ആണ്‍കുട്ടികളും 300 പെണ്‍കുട്ടികളും പങ്കെടുക്കുന്ന ക്യാമ്ബ് ഇന്നു സമാപിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍