അഭയ കേസ്: പ്രതികള്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി

കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ ഒന്നും മൂന്നും പ്രതികളായ സിസ്റ്റര്‍ സ്റ്റെഫിയും ഫാദര്‍ തോമസ് കോട്ടൂരും വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇരുവരും നല്‍കിയ പുനപരിശോധന ഹര്‍ജി ഹൈക്കോടതി തള്ളി. രണ്ടാം പ്രതിയായ ജോസ് പുതൃക്കയില്‍ സി.ബി.ഐ കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ജോമോന്‍ പുത്തന്‍പുരക്കല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയും ചെയ്തു.വിചാരണ ഘട്ടത്തില്‍ ഒന്നും മൂന്നും പ്രതികള്‍ വിടുതല്‍ ഹര്‍ജി നല്‍കിയെങ്കിലും സി.ബി.ഐ കോടതി അത് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. കുറ്റപത്രത്തില്‍ നിന്ന് ഇവരെ ഒഴിവാക്കാന്‍ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നാണ് പ്രതികളുടെ വാദം. ഇരുവര്‍ക്കുമെതിരെ സി.ബി.ഐ സമര്‍പ്പിച്ച തെളിവുകള്‍ വിശ്വസനീയമാണെന്ന് കോടതി നിരീക്ഷിച്ചു. ജോണ്‍ പൂതൃക്കിലിനെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് കോടതി ശരിവച്ചു. കേസില്‍ ഫാദര്‍ ജോണ്‍പൂതൃക്കിലിന് നേരിട്ട് ബന്ധമില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, നാലാം പ്രതിയായ കെ.ടി മൈക്കിളിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തെളിവുകള്‍ക്ക് മൈക്കിളിനെ പ്രതിയാക്കാനുള്ള ശേഷി ഇല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. എന്നാല്‍ വിചാരണക്കിടയില്‍ മതിയായ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സാധിച്ചാല്‍ വീണ്ടും മൈക്കിളിനെ പ്രതിപട്ടികയില്‍ ചേര്‍ക്കാന്‍ സാധിക്കുമെന്നും കോടതി വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍