മകനെ ബിജെപി സ്ഥാനാര്‍ഥിയാക്കി, കേന്ദ്രമന്ത്രി രാജിവച്ചു

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിയും ഹരിയാനയില്‍നിന്നുള്ള നേതാവുമായ ചൗധരി ബീരേന്ദര്‍ സിംഗ് രാജിവച്ചു.
മകന്‍ ബ്രിജേന്ദ്ര സിംഗിന്റെ പേര് ഹരിയാനയിലെ ഹിസാറില്‍നിന്നുള്ള സ്ഥാനാര്‍ഥിയായി ബിജെപി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ നീക്കം. കേന്ദ്ര ഉരുക്ക് മന്ത്രി സ്ഥാനവും രാജ്യസഭാംഗത്വവും ഒഴിയുകയാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായെ അറിയിച്ചതായി അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.
മകനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ച സാഹചര്യത്തില്‍ സ്വജനപക്ഷപാതമെന്ന ആരോപണം തനിക്കും കുടുംബത്തിനും എതിരേ ഉയരാന്‍ താത്പര്യമില്ലെന്നാണു ബീരേന്ദര്‍ സിംഗ് നല്‍കുന്ന വിശദീകരണം.
സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാനയില്‍നിന്നുള്ള മുതിര്‍ന്ന നേതാവ് ചൗധരി ബീരേന്ദര്‍ സിംഗ്, മോദിമന്ത്രിസഭയില്‍ ആദ്യം ഗ്രാമവികസനത്തിന്റെയും പഞ്ചായത്തി രാജ്, കുടിവെള്ളം തുടങ്ങിയ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു.
2016ല്‍ നടത്തിയ പുനഃസംഘടനയില്‍ ഉരുക്ക് മന്ത്രിയായി. നേരത്തേ കോണ്‍ഗ്രസിലായിരുന്ന ഇദ്ദേഹം 2014ലാണ് ബിജെപിയില്‍ ചേര്‍ന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍