ജനവികാരം എതിരായി; വീല്‍ചെയറിലിരുന്ന് അള്‍ജീരിയയെ ഭരിച്ച ബൂതഫ്‌ലീക്ക രാജിവച്ചു

അള്‍ജിയേഴ്‌സ്: 20 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുള്‍ അസീസ് ബൂതഫ്‌ലീക്ക രാജിവച്ചു. 82 വയസ്സും അനോരോഗ്യവുമുള്ള ബൂതഫ്‌ലീക്കയുടെ രാജിയാവശ്യപ്പെട്ട് അള്‍ജീരിയയില്‍ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം. ബൂതഫ്‌ലീക്കയെ പുറത്താക്കാനുള്ള അടിയന്തര നടപടിക്ക് കരസേനാ മേധാവി ആവശ്യമുന്നയിച്ച് രംഗത്തെത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് രാജി പ്രഖ്യാപനം എത്തിയത്. 1999 മുതല്‍ അള്‍ജീരിയയുടെ പ്രസിഡന്റ് പദവി വഹിക്കുകയായിരുന്നു ബൂതഫ്‌ലീക്ക. പക്ഷാഘാതത്തെതുടര്‍ന്ന് 2013 മുതല്‍ ചികിത്സയില്‍ കഴിയുന്ന ബൂതഫ്‌ലീക്ക പൊതുവേദികളില്‍ അപൂര്‍വമായാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. വീല്‍ചെയറിലിരുന്ന് ഭരണ നിര്‍വഹണം നടത്തുന്ന ബൂതഫ്‌ലീക്ക അഞ്ചാം തവണയും പ്രസിഡന്റ് പദവി ലക്ഷ്യമിട്ട് പ്രചരണ പരിപാടികള്‍ ആരംഭിച്ചതോടെ വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിഷേധം ഉയരുകയായിരുന്നു. ബൂതഫ്‌ലീക്കയുടെ നീക്കത്തിനെതിരെ പതിനായിരക്കണക്കിനു പേരാണ് അള്‍ജീരിയന്‍ തെരുവുകളെ പ്രക്ഷുബ്ദമാക്കിയത്. ഇതേത്തുടര്‍ന്നു സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച് തെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ ബൂതഫ്‌ലീക്ക നിര്‍ബന്ധിതനാകുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍