തെരഞ്ഞെടുപ്പ് കമ്മീഷനെ ജയിലില്‍ അടയ്ക്കും: അംബേദ്ക്കറുടെ ചെറുമകന്‍ വിവാദത്തില്‍

മുംബൈ: അധികാരത്തില്‍ എത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ജയിലില്‍ അടയ്ക്കുമെന്ന് പ്രകാശ് അംബേദ്ക്കര്‍. മഹാരാഷ്ട്രയിലെ യവാത്മാലില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെയാണ് അംബേദ്ക്കറുടെ ചെറുമകനായ പ്രകാശ് അംബേദ്ക്കര്‍ വിവാദ പ്രസ്താവന നടത്തിയത്. പുല്‍വാമ ഭീകരാക്രമണം സംബന്ധിച്ച് സംസാരിക്കാന്‍ പാടില്ലെന്ന നിര്‍ദേശമാണ് പ്രകാശ് അംബേദ്ക്കറെ ചൊടുപ്പിച്ചത്. സംഭവത്തില്‍ ജില്ലാ അധികൃതരോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അസാസുദിന്‍ ഒവേസിയുടെ എഐഎംഐഎമ്മും അംബേദ്ക്കറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഭാരിപ് ബഹുജന്‍ മഹാസംഘം എന്നിവയുമായി ചേര്‍ന്നാണ് പ്രകാശ് അംബേദ്ക്കറുടെ വഞ്ചിത് ബഹുജന്‍ അഘാഡി മത്സരിക്കുന്നത്. സോളാപുര്‍, അകോല എന്നീ മണ്ഡലങ്ങളില്‍നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. സംസ്ഥാനത്തെ 48 സീറ്റുകളിലും സഖ്യം മത്സരിക്കുന്നു. 'നമുക്ക് പുല്‍വാമയില്‍ നാല്‍പ്പത് സൈനികരാണ് നഷ്ടമായത്. എന്നിട്ടും ഇപ്പോഴും നാം നിശബ്ദരായിരിക്കുന്നു. 
ഈ ആക്രമണത്തെക്കുറിച്ച് പറയരുതെന്ന് നമ്മോട് ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന് എങ്ങനെയാണ് ഇങ്ങനെയാണ് നമ്മുടെ വായ മൂടിക്കെട്ടാനാവുക. ഭരണഘടന നമുക്ക് ആവിഷ്‌ക്കാര സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. താന്‍ ബിജെപിയല്ല. എന്നാല്‍ അധികാരത്തിലെത്തിയാല്‍ രണ്ട് ദിവസം തെരഞ്ഞെടുപ്പ് കമ്മിഷനെ ജയിലിലാക്കും' ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. അധികാരത്തിലെത്തിയാല്‍ മോദി സര്‍ക്കാര്‍ അസാധുവാക്കിയ നോട്ടുകള്‍ നിയമപരമാക്കുമെന്നും നാന്‍ഡെഡില്‍ നടന്ന മറ്റൊരു റാലിയില്‍ അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍