എഴുപത്തിയഞ്ച് ലക്ഷം തരണം, അല്ലേല്‍ വൃക്ക വില്‍ക്കാന്‍ അനുവദിക്കണം: തെര. കമ്മീഷനോട് സ്ഥാനാര്‍ഥി

ഭോപ്പാല്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചെലവിലേക്ക് 75 ലക്ഷം രൂപ നല്‍കണമെന്നും അല്ലെങ്കില്‍ വൃക്ക വില്‍ക്കാന്‍ അനുവദിക്കണമെന്നും സ്ഥാനാര്‍ഥി.
സമാജ്‌വാദി പാര്‍ട്ടി മുന്‍ എംഎല്‍എയും മധ്യപ്രദേശിലെ ബലാഘാട്ട് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ കിഷോര്‍ സമൃതിയാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി വരാണാധികാരിയായ ജില്ലാ കളക്ടര്‍ ദീപക് ആര്യക്കു അദ്ദേഹം കത്തയച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിനു ചെലവഴിക്കാന്‍ കഴിയുന്ന പരമാവധി തുകയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ 75 ലക്ഷം രൂപയാണ് നശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തന്റെ പക്കല്‍ അത്രയും പണമില്ല.
അതിനാല്‍ 75 ലക്ഷം രൂപ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുകയോ, വായ്പ നല്‍കാന്‍ ബാങ്കുകളോട് ആവശ്യപ്പെടുകയോ വേണമെന്ന് കിഷോര്‍ അഭ്യര്‍ഥിച്ചു.
എന്നാല്‍ ഇതിനൊന്നും കഴിയുന്നില്ലെങ്കില്‍ തന്റെ വൃക്ക വില്‍ക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിന് ഇനിയും 15 ദിവസങ്ങള്‍ മാത്രമാണുള്ളത്. ചെറിയ സമയത്തിനുള്ളില്‍ ഇത്രയും വലിയ തുക ഉണ്ടാക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് പണം ആവശ്യപ്പെട്ടതെന്ന് കിഷോര്‍ എഎന്‍ഐയോട് പറഞ്ഞു.
തനിക്കെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെല്ലാം അഴിമതിക്കാരാണ്. അവര്‍ പൊതുജനങ്ങളില്‍നിന്ന് പണം തട്ടിയെടുത്തു. ഈ മേഖലയുടെ വികസനവും സമൂഹത്തിലെ ദരിദ്രരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും താന്‍ ആഗ്രഹിക്കുന്നു കിഷോര്‍ പറഞ്ഞു. ബലാഘാട്ട് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് അദ്ദേഹം മത്സരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍