ഇനി സ്വര്‍ണം വാങ്ങാം, വില്ക്കാം ഡിജിറ്റലായി

ന്യൂഡല്‍ഹി: സ്വര്‍ണം വാങ്ങാനും വില്ക്കാനും മാത്രമല്ല, ഇനി സൂക്ഷിക്കാനും കൈയിലൊരു മൊബൈല്‍ ഫോണ്‍ മതിയാകും സ്വര്‍ണം ഇടപാടുകള്‍ 'ഇലക്‌ട്രോണിക്കല്‍' ആയി നടത്തുന്നതിന് അംഗീകാരം നല്‍കാനുള്ള നടപടിക്രമങ്ങളിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടന്നു കഴിഞ്ഞു. രാജ്യത്തെ സ്വര്‍ണ വിപണിയെ സുതാര്യമാക്കുകയും ഭൗതിക രീതിയിലുള്ള സ്വര്‍ണ ഉപഭോഗം കുറയ്ക്കുകയുമാണ് പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പദ്ധതി സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ധനമന്ത്രി അരുണ്‍ ജയ്റ്ര്‌ലിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിതല സംഘം വൈകാതെ യോഗം ചേരുമെന്നാണ് സൂചന. അതേസമയം, തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലേറുന്ന പുതിയ സര്‍ക്കാരായിരിക്കും പദ്ധതി സംബന്ധിച്ച അന്തിമതീരുമാനം കൈക്കൊള്ളുക. ഇന്ത്യയിലെ വീടുകളിലും ക്ഷേത്രങ്ങളിലുമായി 25,000 ടണ്ണോളം സ്വര്‍ണം ഉറങ്ങിക്കിടക്കുന്നു എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇന്ത്യന്‍ ജി.ഡി.പിയുടെ 45 ശതമാനത്തോളം വരുമിത്. ഈ സ്വര്‍ണം രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന് പ്രയോജനപ്പെടുന്ന വിധം വിപണിയിലേക്ക് എത്തിക്കുകയും സ്വര്‍ണത്തിന്റെ ഉപഭോഗം ക്രമേണ കുറച്ചു കൊണ്ടുവരുകയുമാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
ഇതു മുന്‍നിറുത്തി, കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന സ്വര്‍ണം പണമാക്കല്‍, സ്വര്‍ണ ബോണ്ട് സ്‌കീമുകള്‍ക്ക് കാര്യമായ പ്രതികരണം ലഭിക്കാത്ത പശ്ചാത്തലത്തിലുമാണ് പുതിയ പദ്ധതി ആലോചിക്കുന്നത്. രാജ്യത്തെ സ്വര്‍ണ വിപണിയെ നിയന്ത്രിക്കാനായി 'ഗോള്‍ഡ് ബോര്‍ഡ്' രൂപീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
സ്വര്‍ണം ഡിജിറ്റലായി കൈകാര്യം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താവ് ആദ്യം ഡീമാറ്റ് അക്കൗണ്ട് രൂപീകരിക്കണം. തുടര്‍ന്ന്, കൈവശമുള്ള സ്വര്‍ണം ഗോള്‍ഡ് ഫണ്ട് സ്ഥാപനങ്ങള്‍ മുഖേന ഡീമാറ്റ് അക്കൗണ്ടില്‍ നിക്ഷേപിക്കണം. സ്വര്‍ണം, ആ സ്ഥാപനം കൈവശം സൂക്ഷിക്കുകയും ഉപഭോക്താവിന് ഡിജിറ്റല്‍ രൂപത്തില്‍ നല്‍കുകയും ചെയ്യും. ഹാള്‍മാര്‍ക്ക് ചെയ്യപ്പെട്ട സ്വര്‍ണമാണ് ഇത്തരത്തില്‍ സൂക്ഷിക്കാനാവുക.
ഉപഭോക്താവിന് ഈ സ്വര്‍ണം പൂര്‍ണമായോ ഭാഗീകമായോ വിറ്റഴിക്കാനും ഈടുവച്ച് വായ്പ നേടാനും സാധിക്കും. സ്വര്‍ണം, ആഭരണ ശാലകള്‍ക്ക് കൈമാറി തത്തുല്യമായ മൂല്യമുള്ള സ്വര്‍ണാഭരണം വാങ്ങാനും കഴിയും.നിലവില്‍, ഇന്ത്യയിലെ വീടുകളിലും ക്ഷേത്രങ്ങളിലും മറ്റുമായി 25,000 ടണ്‍ സ്വര്‍ണം വെറുതേ കിടപ്പുണ്ടെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി) 45 ശതമാനം വരുമിത്.
സ്വര്‍ണം ഉപഭോഗം കുറയ്ക്കാനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ സ്വര്‍ണം പണമാക്കല്‍, സ്വര്‍ണ ബോണ്ട് പദ്ധതികള്‍ക്ക് നിര്‍ജീവമായ പ്രതികരണമാണ് ലഭിച്ചത്. വെറും 2.5 ശതമാനം മാത്രം പലിശയാണ് സ്വര്‍ണം പണമാക്കാല്‍ പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്തത്.
പ്രതിവര്‍ഷം ശരാശരി 1,000 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇത്, രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി കൂടാനിടയാക്കുന്നുണ്ട്. ഇറക്കുമതി കുറയ്ക്കുക കൂടി ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍