തലസ്ഥാന സുരക്ഷയ്ക്ക് ഒരുകമ്പനി എത്തി, കഴക്കൂട്ടത്ത് റൂട്ട് മാര്‍ച്ച്, കാവലിന് കേന്ദ്രസേന

തിരുവനന്തപുരം: കേന്ദ്രസേനയുടെ സുരക്ഷാവലയത്തിലാവും തലസ്ഥാനത്തെ 90 ബൂത്തുകളിലെ വോട്ടെടുപ്പ്. തുടര്‍ച്ചയായി അക്രമങ്ങളും കുറ്റകൃത്യങ്ങളും നടക്കുന്ന സ്ഥലങ്ങളില്‍ സുരക്ഷാകോട്ടയൊരുക്കാന്‍ കേന്ദ്ര സേന നഗരത്തിലെത്തി. 93 അംഗങ്ങളുള്ള ഒരു കമ്പനി സി.ഐ.എസ്.എഫ് ആണ് ആദ്യമെത്തിയത്. അഞ്ച് കമ്പനി സി.ആര്‍.പി.എഫ് ഉടനെത്തും. ഗുണ്ടാതാവളങ്ങളുള്ള കഴക്കൂട്ടം മേഖലയില്‍ കേന്ദ്രസേന ഇന്നലെ റൂട്ട്മാര്‍ച്ച് നടത്തി. എ.കെ47, ഇന്‍സാസ് റൈഫിള്‍, ഇറ്റാലിയന്‍ ബരേറ്റാ അടക്കമുള്ള തോക്കുകളുമായാണ് കേന്ദ്രസേന എത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനായി സജ്ജമാക്കുന്ന സുരക്ഷാക്രമീകരണങ്ങള്‍ സിറ്റി പൊലീസ് ഉന്നതരുമായി ഇന്നലെ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലയിരുത്തി. പൊലീസ് ട്രെയിനിംഗ് കോളേജ് ബാരക്കില്‍ തങ്ങുന്ന കേന്ദ്രസേന തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷമേ മടങ്ങൂ. 19 സ്ഥലങ്ങളിലെ 35 ബൂത്തുകള്‍ എപ്പോഴും അടിപൊട്ടാവുന്ന തരത്തില്‍ അതീവപ്രശ്‌നബാധിതമാണ്. 55 ബൂത്തുകള്‍ പ്രശ്‌നമുണ്ടാകാനിടയുള്ള സെന്‍സിറ്റീവ് ബൂത്തുകളാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലും ഇവിടങ്ങളില്‍ ചെറിയതോതില്‍ സംഘര്‍ഷമുണ്ടായിരുന്നു. നേമം, കരമന, പൂജപ്പുര, വിഴിഞ്ഞം, ശ്രീകാര്യം, പൂന്തുറ, അടിമലത്തുറ, വിഴിഞ്ഞം, എടയാര്‍, വട്ടിയൂര്‍കാവ്, തുമ്പ, വേളി, കഴക്കൂട്ടം, മേനംകുളം തുടങ്ങിയിടങ്ങളിലാണ് അതീവപ്രശ്‌നബൂത്തുകളേറെയും. ഈ ബൂത്തുകളില്‍ രണ്ടു വീതം കേന്ദ്രസേനാംഗങ്ങളെ നിയോഗിക്കും. ആധുനിക നിരീക്ഷണസംവിധാനങ്ങളും ഒരുക്കും. കൂടുതല്‍ അക്രമസംഭവങ്ങളും കൊലപാതകങ്ങളും ഉണ്ടായിട്ടുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തും. പ്രശ്‌നബാധിത മേഖലകളില്‍ സായുധസേനയെയും കൂടുതല്‍ പൊലീസിനെയും നിയോഗിക്കും. തലസ്ഥാന നഗരത്തില്‍ 79 കെട്ടിടങ്ങളിലായി ആയിരത്തോളം പോളിംഗ് കേന്ദ്രങ്ങളാണുള്ളത്. സവിശേഷമായ രാഷ്ട്രീയസാഹചര്യങ്ങള്‍ കണക്കിലെടുത്ത് അതീവജാഗ്രത പാലിക്കണമെന്നാണ് പൊലീസിന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. പലേടത്തും ശക്തമായ ത്രികോണമത്സരമാണെന്നതാണ് സംഘര്‍ഷസാദ്ധ്യതയ്ക്കുള്ള പ്രധാനകാരണം. തീരദേശമേഖലയിലടക്കമുള്ള പ്രശ്‌നബാധിത ബൂത്തുകളില്‍ ഗ്രൂപ്പ് പട്രോള്‍, പൊലീസ് പിക്കറ്റുകള്‍, നിരീക്ഷണസംവിധാനം എന്നിവ ഏര്‍പ്പെടുത്തും. ഡി.ജി.പി, ഐ.ജി എന്നിവരുടെ സ്‌ട്രൈക്കിംഗ് ഫോഴ്‌സും തലസ്ഥാനത്തുണ്ടാവും. പ്രശ്‌നബാധിത ബൂത്തുകളില്‍ വീഡിയോ കാമറാ നിരീക്ഷണ സംവിധാനമൊരുക്കും. മുന്‍തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് മൊത്തം പോള്‍ചെയ്ത വോട്ടിന്റെ 75 ശതമാനം ലഭിച്ച ബൂത്തുകള്‍, റീപോളിംഗ് നടന്ന ബൂത്തുകള്‍, അക്രമസംഭവങ്ങളുണ്ടായ ബൂത്തുകള്‍, കുടുംബാംഗങ്ങള്‍ സ്ഥലത്തില്ലാത്ത വോട്ടര്‍മാര്‍ കൂടുതലുള്ള ബൂത്തുകള്‍, മാവോയിസ്റ്റ് സാന്നിദ്ധ്യം, സ്ഥാനാര്‍ത്ഥികള്‍ എന്നിവയെല്ലാം കണക്കിലെടുത്താണ് പ്രശ്‌നബാധിത ബൂത്തുകളുടെ പട്ടിക തയ്യാറാക്കുന്നത്. രഹസ്യാന്വേഷണവിഭാഗം തയ്യാറാക്കുന്ന പട്ടിക പൊലീസ്, ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും കളക്ടര്‍ക്കും നല്‍കും. കളക്ടറാണ് പ്രശ്‌നബാധിത ബൂത്തുകളുടെ എണ്ണം തീരുമാനിക്കുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തലസ്ഥാനത്ത് 425 പ്രശ്‌നബാധിത പോളിംഗ് സ്‌റ്റേഷനുകളുള്ളതായി രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ നിരീക്ഷണത്തിന്റെയും ചര്‍ച്ചയുടെയും സുരക്ഷാക്രമീകരണത്തിന്റെയും അടിസ്ഥാനത്തില്‍ പ്രശ്‌നബാധിതബൂത്തുകളുടെ എണ്ണം 330 ആക്കി ചുരുക്കിയിരുന്നു. ഇത്തവണത്തെ അന്തിമകണക്ക് തയ്യാറായിട്ടില്ല. പ്രശ്‌നസാദ്ധ്യതാബൂത്തുകളില്‍ വിഡിയോഗ്രാഫി, വെബ്കാസ്റ്റിംഗ്, അധികസേനാവിന്യാസം എന്നിവയുണ്ടാവും. മൈക്രോ ഒബ്‌സര്‍വര്‍മാരുടെ സേവനവും ഇവിടെ ലഭ്യമാക്കും. പൊലീസിനു പുറമേ ആംഡ് പൊലീസ് വിഭാഗം, വിമുക്തഭടന്മാര്‍, വിരമിച്ചവര്‍, എന്‍.സി.സി, സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍, എക്‌സൈസ്, ഫോറസ്റ്റ്, ഹോംഗാര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവരെയും സുരക്ഷയ്ക്കായി നിയോഗിക്കും. ജനവാസ പ്രദേശങ്ങളില്‍ നിന്ന് മാറി സ്ഥിതിചെയ്യുന്ന ബൂത്തുകളെ അതീവസുരക്ഷാബൂത്തുകളായി കണക്കാക്കി സായുധസേനയെ നിയോഗിക്കും. ഹോട്ട് ലൈന്‍, വയര്‍ലെസ്, മൊബൈല്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങളോടുകൂടിയ വാര്‍ത്താവിനിമയ സംവിധാനങ്ങളും സുരക്ഷയ്ക്കായി പൊലീസ് സജ്ജമാക്കും.ബൂത്തുകളെ രൂക്ഷതയുടെ അടിസ്ഥാനത്തില്‍ ഹൈപ്പര്‍ സെന്‍സിറ്റീവ്, സെന്‍സിറ്റീവ് എന്ന് രണ്ടായി തിരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍