കാലവര്‍ഷം കുറയുമെന്ന് സ്വകാര്യ ഏജന്‍സി

 ന്യൂഡല്‍ഹി: പസഫിക് സമുദ്രത്തില്‍ എല്‍ നീനോ പ്രതിഭാസം രൂപപ്പെടുമെന്നു സൂചന. ഇതോടെ ജൂണ്‍ സെപ്റ്റംബറിലെ കാലവര്‍ഷ മഴ രാജ്യത്തു കുറവാകുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയുടെ പ്രവചനം. ദീര്‍ഘകാല ശരാശരിയുടെ 93 ശതമാനം മഴയേ ലഭിക്കൂ എന്നാണു സ്‌കൈമെറ്റ് എന്ന ഏജന്‍സി പറയുന്നത്.ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പി (ഐഎം ഡി)ന്റെ  ഒന്നാംഘട്ട മണ്‍സൂണ്‍ പ്രവചനം ഈ മാസം പകുതിയോടെയേ ഉണ്ടാകൂ.സ്‌കൈമെറ്റിന്റെ പ്രവചനമനുസരിച്ച് ഈ വര്‍ഷം അധികമഴയ്ക്കുള്ള സാധ്യത പൂജ്യം ശതമാനമാണ്. പതിവു മഴ കിട്ടാന്‍ 30 ശതമാനം സാധ്യത. പതിവിലും കുറവാകാന്‍ 55 ശതമാനം സാധ്യത. വരള്‍ച്ചയ്ക്കു 15 ശതമാനം സാധ്യത . ദീര്‍ഘകാല ശരാശരിയുടെ 110 ശതമാനമോ അതില്‍ കൂടുതലോ മഴ ലഭിക്കുന്നതാണ് അധികമഴ. ദീര്‍ഘകാല ശരാശരി മഴയുടെ 96 മുതല്‍ 104 വരെ ശതമാനം ലഭിക്കുന്നതാണു പതിവു മഴ.ശരാശരിയുടെ 90 മുതല്‍ 95 വരെ ശതമാനം കിട്ടുന്നത് പതിവിലും കുറവ്. 90 ശതമാനത്തിലും കുറവായാല്‍ വരള്‍ച്ച.ജൂണിലാകും മഴ ഏറ്റവും മോശം. ശരാശരിയുടെ 77 ശതമാനമേ ആ മാസം കിട്ടൂ എന്നാണു പ്രവചനം. ജൂലൈയില്‍ 91 ശതമാനം, ഓഗസ്റ്റില്‍ 102 ശതമാനം, സെപ്റ്റംബറില്‍ 99 ശതമാനം എന്നിങ്ങനെ മഴ കിട്ടാം.രാജ്യത്തെ പ്രധാന വിളവ് സീസണായ ഖാരിഫ് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിനെ (കാലവര്‍ഷം) ആശ്രയിച്ചാണിരിക്കുന്നത്. ഇക്കാലത്തു നല്ലതുപോലെ മഴ ലഭിച്ചാലേ അടുത്ത സീസണായ റാബി കാലത്തേക്കു ജലസേചനത്തിനു വെള്ളമുണ്ടാകൂ. കൃഷി പിഴച്ചാല്‍ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്കു ക്ഷീണമാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍