അപരന്മാര്‍ വാഴും നാട്

ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ആസേതുഹിമാചലം തിരഞ്ഞെടുപ്പിന്റെ കൊടുംചൂടിലാണ്.അതിലെ ഒന്നാം ഘട്ടം നാളെ നടക്കുന്നു.വിവിധ ഘട്ടങ്ങളിലായി നടക്കുന്ന ഈ ജനാധിപത്യ പ്രക്രിയയുടെ തിയ്യതികളനുസരിച്ച് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണവും അതിന്റെ സൂക്ഷ്മപരിശോധനകളും തള്ളേണ്ടുന്നവ തള്ളുന്ന നടപടികളും ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നടന്നു വരുന്നു.നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസരവും സ്ഥാനാര്‍ത്ഥികള്‍ക്കുണ്ട്.ആ ഘട്ടം കഴിയുന്നതോടെ ഗോദയില്‍ അങ്കം മുറുകുന്നു. നമ്മുടെ കൊച്ചു കേരളത്തില്‍ ഈ ഏപ്രില്‍ 23 നാണ് തിരഞ്ഞെടുപ്പ്.എന്നാല്‍ ജനവിധിയറിയാന്‍ മെയ് 23 വരെ കാത്തിരിക്കുകയും വേണം.നീണ്ട ഒരു മാസക്കാലത്തെ കണക്കുകൂട്ടലുകളുടെയും പ്രതീക്ഷകളുടെയും ആകാംക്ഷകളുടെയും ആശങ്കകളുടെയും ദിനങ്ങള്‍. സംസ്ഥാനത്ത് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി മിനിയാന്ന് തിങ്കളാഴ്ചയായിരുന്നു.അന്ന് അര്‍ദ്ധരാത്രിയോടെ മത്സരത്തിന്റെ ചിത്രം തെളിഞ്ഞു.അങ്കവും മുറുകി.അല്ലെങ്കില്‍ത്തന്നെ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു ദിവസങ്ങള്‍ക്കു മുമ്പെ തുടങ്ങിയിരുന്നല്ലോ നേരത്തെ തീരുമാനിച്ച സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ കോലാഹലങ്ങള്‍.സംസ്ഥാനത്തെ മൊത്തം 20 ലോക്‌സഭാ മണ്‌ലങ്ങളില്‍ നിന്നെല്ലാം കൂടി മത്സരിക്കുന്നത് ആകെ 227 സ്ഥാനാര്‍ത്ഥികളാണ്.മുഖ്യമായും ത്രികോണമത്സരമാണല്ലോ എല്ലാ മണ്ഡലങ്ങളിലും ഇവിടെ നടക്കുന്നത്. അക്കണക്കിന് 60 സ്ഥാനാര്‍ത്ഥികളാണ് സംസ്ഥാനത്ത് മത്സര രംഗത്തുണ്ടാവേണ്ടത്.ആ സ്ഥാനത്താണ് ആകെ എണ്ണം 227 ആയിരിക്കുന്നത്.എന്ന് വെച്ചാല്‍ 60 എണ്ണം കഴിച്ചുള്ള 167 സ്ഥാനാര്‍ത്ഥികളും ഈര്‍ക്കിള്‍ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളോ സ്വതന്ത്രരോ മുഖ്യസ്ഥാനാര്‍ത്ഥികളുടെ അപരന്മാരോ ആണെന്ന് തന്നെ. ഈ മഹത്തായ ജനാധിപത്യ രാജ്യത്ത് നിലവിലുള്ള ജന പ്രാധിനിധ്യ നിയമത്തിന്റെ പിന്‍ബലത്തില്‍ തന്നെയാണ് അപരന്മാര്‍ രംഗം കയ്യടക്കുന്നത് എന്നതാണ് സങ്കടകരം. ഈ നിയമമനുസരിച്ച് ഇന്ത്യന്‍ പൗരനെന്ന നിലയില്‍ നിയമസാധുതയുള്ള ഏതൊരു വ്യക്തിക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാം.നമ്മുടെ രാഷ്ട്രീയ പൂര്‍വ്വികന്മാരും ഭരണഘടനാ നിര്‍മ്മാതാക്കളും നിയമത്തിനു മുന്നില്‍ എല്ലാവരും സമന്മാരാണെന്ന മഹത്തായ തത്വത്തിന്റെ അടിസ്ഥാനത്തില്‍ രൂപം കൊടുത്ത സദുദ്ദേശത്തോടെയുള്ള ഈ നിയമ നിബന്ധന രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ തങ്ങളുടെ എതിരാളികളായ സ്ഥാനാര്‍ത്ഥികള്‍ക്ക് ആപ്പ് വെക്കാനും ചില വ്യക്തികള്‍ ഒറിജിനല്‍ സ്ഥാനാര്‍ത്ഥികളില്‍ നിന്നും അവരുടെ കക്ഷികളില്‍ നിന്നും പണം തട്ടാനും ഉപയോഗപ്പെടുത്തി തിരഞ്ഞെടുപ്പ് പ്രക്രിയയെ തന്നെ ഒരു തരം അപഹാസ്യ നാടകമാക്കുകയാണ്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനോ നാളിതുവരെയുള്ള ഭരണകര്‍ത്താക്കളോ ഒരു ചെറുവിരലനക്കിയിട്ടില്ല.ഇതര സംസ്ഥാനങ്ങളിലും ഇങ്ങിനെ അപരന്മാരുടെ അസ്‌കിത ഉണ്ടെന്നു തന്നെയാണ് വാര്‍ത്തകള്‍. സംസ്ഥാനത്തെ മിക്ക മണ്ഡലങ്ങളിലും മുഖ്യ സ്ഥാനാര്‍ത്ഥികള്‍ക്ക് അപരന്മാരുണ്ട്. അപരന്മാരുടെ രംഗപ്രവേശം കൊണ്ടുണ്ടായ അട്ടിമറിയുടെ ഒരു മുന്‍കാല ഉദാഹരണം ചൂണ്ടിക്കാണിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത് കേവലം 836 വോട്ടുകള്‍ക്കായിരുന്നു.ആ സ്ഥാനാര്‍ത്ഥിയുടെ അതേ പേരുള്ള മറ്റ് 4 സ്ഥാനാര്‍ത്ഥികള്‍ കൂടി അന്ന് പിടിച്ചത് 4843 വോട്ടുകളായിരുന്നു.അന്ന് ജയിച്ച സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷവും അപരന്മാര്‍ പിടിച്ച ഈ മൊത്തം വോട്ടുകളും തമ്മില്‍ ഒന്നു താരതമ്യപ്പെടുത്തി നോക്കുക.അപ്പോള്‍ മനസ്സിലാവുമല്ലോ നിയമത്തിന്റെ മറവില്‍ നടക്കുന്ന ഈ അപരവിളയാട്ടത്തിന്റെ അപഹാസ്യത.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍